പാലക്കാട്: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ട് വർഷം ഒന്നാകുമ്പോഴും എക്സൈസ് ഡ്രൈവർ തസ്തികയിൽ
നിയമനം കിട്ടാതെ ഉദ്യോഗാർത്ഥികൾ. റാങ്ക് ലിസ്റ്റ് പ്രകാരം നാളിതുവരെ 13 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 2022 സെപ്തംബറിലാണ് എക്‌സൈസ് ഡ്രൈവർ തസ്തികയിൽ പി.എസ്.സി പരീക്ഷ നടത്തിയത്. ഇതുപ്രകാരമുള്ള റാങ്ക്ലിസ്റ്റ് 2023 സെപ്തംബറിൽ പ്രസിദ്ധീകരിച്ചു. നേരത്തേ, പരീക്ഷ നടത്തിയപ്പോഴെല്ലാം ഒരു ജില്ലയിൽ മാത്രം ശരാശരി 200 ഉദ്യോഗാർഥികളടങ്ങിയ റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ 2023ലെ റാങ്ക്പട്ടിക പ്രസിദ്ധപ്പെടുത്തിയപ്പോൾ സംസ്ഥാനത്താകെ 180 ഉദ്യോഗാർഥികൾ മാത്രമാണ് പ്രധാന പട്ടികയിൽ ഉൾപ്പെട്ടത്. സപ്ലിമെന്ററി ലിസ്റ്റിൽ 347 പേരും ഇടം പിടിച്ചു. ഇതിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലായി 13 പേരെ മാത്രമാണ് ഒരുവർഷത്തിനിടെ നിയമിച്ചത്. ശേഷിക്കുന്നവർ നിയമനംതേടി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്.

 സ്റ്റാഫ് പാറ്റേൺ മാറ്റണമെന്ന്

റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും ചുരുക്കം ചില ജില്ലകളിൽ നാമമാത്രമായ റിട്ടയർമെന്റ് ഒഴിവുകൾ മാത്രമേ വരൂ. ഒരൊഴിവു പോലും വരാത്ത ജില്ലകളുമുണ്ട്. സ്റ്റാഫ് പാറ്റേൺ പുതുക്കിയാലേ കൂടുതൽ നിയമനങ്ങൾക്ക് സാദ്ധ്യതയുള്ളൂ. നിലവിലുള്ള വാഹനങ്ങളുടെ എണ്ണം അനുസരിച്ചാണെങ്കിലും ഇനിയും 56 ഡ്രൈവർമാരെ നിയമിക്കേണ്ടതുണ്ട്. എന്നാൽ, ഇതുപ്രകാരമുള്ള നിയമനങ്ങളും നടക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയാണ് സ്റ്റാഫ് പാറ്റേൺ പുതുക്കാൻ കഴിയാത്തതിന് കാരണം.

 ഒരു വാഹനത്തിന് രണ്ടു ഡ്രൈവർ വേണം

ഡിപ്പാർട്ട്‌മെന്റ് വാഹനം ഓടിക്കാൻ മിനിമം മൂന്നുവർഷത്തെ ഹെവി ലൈസൻസ് പരിചയവും റോഡുപരീക്ഷകളിൽ വിജയിക്കണമെന്നുമാണ് പി.എസ്.സി. മാനദണ്ഡം. പല ഓഫീസുകളിലും വാഹനമുണ്ടായിട്ടും ഡ്രൈവർ തസ്തികയില്ലാത്തതിനാൽ മറ്റുജീവനക്കാരണ് വാഹനം ഓടിക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറയുന്നു. ഋഷിരാജ് സിങ് എക്‌സൈസ് കമ്മിഷണറായിരുന്ന കാലത്ത് ശുപാർശചെയ്ത ഒരുവാഹനത്തിന് രണ്ട് ഡ്രൈവർ എന്ന അനുപാതം ഇതുവരെ നടപ്പായതുമില്ല.

 337 വാഹനങ്ങളാണ് കേരളത്തിൽ എക്സൈസ് വകുപ്പിനുള്ളത്. നിലവിൽ 277 ഡ്രൈവർ തസ്തിക മാത്രമാണുള്ളത്. വകുപ്പിലെ സ്റ്റാഫ് പാറ്റേൺ പുതുക്കാത്തതാണ് ഡ്രൈവർ നിയമനങ്ങൾക്ക് തടസമാകുന്നത്.