karthumi

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മൻ കി ബാത്തിൽ പ്രശംസിച്ച 'കാർത്തുമ്പി' കുടകൾ അട്ടപ്പാടിയിലെ ആദിവാസി വനിതകൾ രചിച്ച നിശബ്ദ വിപ്ലവമാണ്. തമ്പ് എന്ന സംഘടന ആദിവാസി സ്‌ത്രീകൾക്ക് ഉപജീവനത്തിന് ആരംഭിച്ച പദ്ധതിക്കാണ് മോദിയുടെ അഭിനന്ദനം.

പട്ടിണി മൂലം അട്ടപ്പാടിയിൽ നവജാത ശിശുക്കൾ മരണമടഞ്ഞ കാലത്ത് 2014ലാണ് തമ്പ് ആദിവാസി അമ്മമാരെ കുടത്തണലിൽ ഒന്നിപ്പിച്ചത്. ഒരു പതിറ്റാണ്ടായി അവർ വർണ്ണക്കുടകൾ നിർമ്മിക്കുന്നു. കാർത്തുമ്പി എന്ന ബ്രാൻഡിൽ ആദിവാസി അമ്മമാരുടെ വേദനകളെല്ലാം തുന്നിച്ചേർത്തിട്ടുണ്ട്. വട്ടലക്കി സഹകരണ ഫാമിംഗ് സൊസൈറ്റിയാണ് മേൽനോട്ടം.

വട്ടലക്കി ഊരിലെ ലക്ഷ്‌മി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഷോളയൂർ, അഗളി പഞ്ചായത്തുകളിലെ 20 ഊരുകളിലെ വനിതകളുണ്ട്. 18 - 50 പ്രായമുള്ള 360 പേരെ കുടനിർമ്മാണം പരിശീലിപ്പിച്ചിട്ടുണ്ട്. മുടുക, കുറുമ്പ, ഇരുള വിഭാഗക്കാരാണിവർ. ഒരുകുടയ്‌ക്ക് 30 രൂപ കിട്ടും. ഒരാൾ ദിവസം 10 - 15 കുട നിർമ്മിക്കും. തൊഴിലുറപ്പിനേക്കാൾ കൂടുതൽ വേതനം. തമ്പിന്റെ പ്രതിനിധികൾ ഊരുകളിലെത്തി അസംസ്‌കൃത സാധനങ്ങൾ നൽകും. അവർ തന്നെ കുടകൾ വാങ്ങി മാർക്കറ്റിലെത്തിക്കും. ഒരു സീസണിൽ 60,​000 കുടകൾ വിപണിയിലെത്തും. കാർത്തുമ്പി എന്ന പേരിൽ കമ്പനി രൂപീകരിച്ചാണ് പ്രവർത്തനം.

 സ്ത്രീകൾക്ക് സ്ഥിര വരുമാനം

ഊരുകളിൽ നല്ല ജീവിതത്തിന് പണം വേണം എന്ന തിരിച്ചറിവാണ് അമ്മമാരെ അണിനിരത്തിയത്. തമ്പിന് മൂലധനമായി ഒന്നുമുണ്ടായിരുന്നില്ല. സുമനസുകൾ നൽകിയ തുക കൊണ്ടാണ് സാമഗ്രികൾ വാങ്ങിയത്. തൃശൂരിലെ 'അതിജീവന' എന്ന സംഘടനയാണ് പരിശീലിപ്പിച്ചത്. 2017 ൽ പട്ടികവർഗവകുപ്പിന്റെ സഹായത്തോടെ വിപുലപ്പെടുത്തി. ആദ്യം കുടുംബശ്രീയും സർക്കാർ ഓഫീസുകളും വഴി കുടകൾ മാർക്കറ്റിലെത്തി. പിന്നീട് ഇൻഫോപാർക്കിലും സ്‌കൂളുകളിലും ഇടംപിടിച്ചു. അതോടെ കാർത്തുമ്പി കേരളത്തിന്റെ സ്വന്തം ബ്രാൻഡായി.

'കേരളത്തിലെ ആദിവാസി സ്‌ത്രീകൾ നിർമ്മിക്കുന്ന കാർത്തുമ്പി കുടകൾ നാരീശക്തി വിളിച്ചോതുന്നു. സംരംഭകത്വത്തിന് മാതൃകയായ കുടകൾ രാജ്യാന്തര വിപണിയിൽ വരെ എത്തി. അവരുടെ പാരമ്പര്യവും സംസ്‌കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ്. സൊസൈറ്റി മുളകൊണ്ട് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നു. പരമ്പരാഗത വിഭവങ്ങൾ വിൽക്കുന്ന കഫെയും ഉണ്ട്. വോക്കൽ ഫോർ ലോക്കലിന് ഉത്തമ ഉദാഹരണമാണിതെല്ലാം. അമ്മമാരുടെ പേരിൽ മരങ്ങളും നട്ടുപിടിപ്പിക്കണം".

- പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കിബാത്തിൽ

'പ്രധാനമന്ത്രി പ്രശംസിച്ചതിൽ സന്തോഷം. അട്ടപ്പാടിയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുകയായിരുന്നു ലക്ഷ്യം. കൂടുതൽ മെച്ചപ്പെട്ട കുടകൾ വിപണിയിലെത്തിക്കും".

- രാജേന്ദ്രപ്രസാദ്, പ്രസിഡന്റ്,​ തമ്പ്