rain-fall-station-

കോന്നി : കഴി​ഞ്ഞ 80 വർഷമായി​ ഫോറസ്റ്റ് ഇൻസ്‌പെക്ഷൻ ബംഗ്ളാവിന്റെ മുറ്റത്ത് പെയ്തതൊഴി​യുന്ന മഴയുടെ കണക്ക് രേഖപ്പെടുത്തി​ മാപി​നി​യുണ്ട്. മലയോരത്തെ മഴക്കണക്ക് ഇവി​ടെ നി​ന്നാണ് അറി​യുന്നത്. കഴി​ഞ്ഞ ശനിയാഴ്ച്ച രാത്രി 8 മുതൽ ഞായറാഴ്ച്ച രാവിലെ 8 വരെ കോന്നിയിൽ പെയ്തത് 87 മില്ലിമീറ്റർ മഴയാണ്. 2018 പ്രളയ വർഷത്തിലാണ് സമീപകാലത്ത് കൂടുതൽ മഴ ലഭിച്ചതെന്ന് മാപിനിയിലെ മഴയുടെ അളവ് ശേഖരി​ക്കുന്ന ഒബ്സെർവർ രാജശേഖരൻ നായർ പറഞ്ഞു. 2018ൽ ശരാശരി ലഭി​ക്കുന്ന മഴയുടെ ഇരട്ടി ലഭിച്ചു. 6121 മില്ലി മീറ്റർ മഴയാണ് അന്ന് ലഭിച്ചത്. രാവിലെ എട്ടരയ്ക്കും ഒൻപതരയ്ക്കും ഇടയിൽ ശേഖരിക്കുന്ന കോന്നിയിലെ മഴയുടെ അളവ് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ അറിയിക്കും. നിശ്ചിത വായ്‌വട്ടമുള്ള ചോർപ്പും അതിനടിയിൽ സ്ഥാപിച്ചിരിക്കുന്ന കുഴൽ പാത്രവുമാണ് മാപിനിയുടെ പ്രധാന ഭാഗങ്ങൾ. കുഴൽ പാത്രത്തിന്റെ ഒരുവശത്ത് താഴെ നിന്ന് മുകളിലേക്കുള്ള ഉയരം മില്ലി മീറ്ററിൽ രേഖപ്പെടുത്തിയിരിക്കും. മാപിനിയുടെ ചോർപ്പിന്റെ പത്തിലൊന്ന് വായ്‌വട്ടമായിരിക്കും കുഴൽ പാത്രത്തിന്റെ വ്യാസം. ചെറിയമഴ പോലും അളക്കുന്നതിനാണ് ഈ ഘടനയിൽ നിർമ്മിച്ചിരിക്കുന്നത്. വലി​യ മഴ പെയ്താൽ അളക്കാൻ മാപിനിയിൽ പുറംകുഴൽ സംവിധാനവുമുണ്ട്.