പത്തനംതിട്ട : തൈക്കാവ് സ്കൂൾ വളപ്പിലൂടെയുള്ള പൊതുവഴി മാറ്റണമെന്ന ബാലാവകാശ കമ്മിഷന്റെ നിർദ്ദേശം നടപ്പായില്ല.
സ്കൂൾ വളപ്പിലൂടെയാണ് ഇപ്പോഴും പൊതുജനങ്ങളുടെ യാത്ര. ഇത് സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. പരാതിയെ തുടർന്ന് ആളുകളുടെ ഇതുവഴിയുള്ള യാത്ര തടയാൻ സ്കൂളിന് ഗേറ്റ് സ്ഥാപിക്കണമെന്നായിരുന്നു പത്തനംതിട്ട നഗരസഭാ സെക്രട്ടറിയോട് ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടത്. സ്കൂുളിൽ ക്ളാസ് നടന്നുകൊണ്ടിരിക്കുമ്പഴാണ് പലരും ബഹളത്തോടെ വഴിയിൽകൂടി പോകുന്നത്. കുട്ടികളുടെ ശ്രദ്ധ അപ്പോൾ ക്ലാസ് മുറിക്ക് പുറത്തേക്ക് പോകും. സമീപത്ത് മറ്റ് വഴികളില്ലാത്തതിനാൽ സ്‌കൂൾ വളപ്പിനെ ആശ്രയിക്കുകയേ നാട്ടുകാർക്കും നിവൃത്തിയുള്ളു. വാഹനങ്ങളും നിരന്തരം ഇതുവഴി പോകാറുണ്ട്. വലിയ വാഹനങ്ങൾ പോകുന്നതിനാൽ സ്‌കൂളിന് പിന്നിൽ വലിയ കുഴിയായി ചെളി നിറഞ്ഞിരിക്കുകയാണ്. ഇവിടേക്ക് കുട്ടികൾക്ക് ഇറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. മഴ പെയ്യുന്നതോടെ ഇവിടം വെള്ളക്കെട്ടാകും. ചെറിയ കുട്ടികളുടെ ക്ലാസുകളാണ് ഈ ഭാഗത്തെ കെട്ടിടത്തിലുള്ളത്.
വഴി മാറ്റുന്നതിനെതിരെ നാട്ടുകാർ
സ്‌കൂളിന് ഇരുവശവും ഗേറ്റ് സ്ഥാപിച്ച് സ്‌കൂൾ സമയം കഴിയുമ്പോൾ പൂട്ടണമെന്നായിരുന്നു നിർദ്ദേശം. പക്ഷേ പ്രദേശവാസികളുമായുള്ള തർക്കം കാരണം നഗരസഭ പിൻമാറി. മതിൽ പണിത് ഗേറ്റ് സ്ഥാപിക്കാൻ ആദ്യം എഴുപതിനായിരം രൂപയുടെ എസ്റ്റിമേറ്റാണ് നഗരസഭ തയ്യാറാക്കിയത്. അത് അപര്യാപ്തമായതിനാൽ പിന്നീട് ഒരുകോടി രൂപയുടെ എസ്റ്റിമേറ്റാക്കി. ഇത് സ്കൂളിന്റെ മൊത്തം നിർമ്മാണ പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തിയാണ്. പിന്നീട് രണ്ട് ലക്ഷം രൂപ ഗേറ്റിനും അനുബന്ധ റോഡുകൾക്കും മാത്രമായി നിജപ്പെടുത്തി.
സാമൂഹിക വിരുദ്ധരും
സ്‌കൂളിന് അടച്ചുറപ്പില്ലാത്തതിനാൽ സന്ധ്യകഴിയുമ്പോൾ ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യമുണ്ട്. മുമ്പ് കഞ്ചാവ് സംഘങ്ങളെ ഇവിടെ നിന്ന് പിടികൂടിയിട്ടുമുണ്ട്. സാമൂഹിക വിരുദ്ധരുടെ ശല്യം വർദ്ധിച്ചതോടെ ഇവിടെ ഭക്ഷണ മാലിന്യങ്ങളും നിറയുകയാണ്. സ്കൂളിന് താഴെയുള്ള ഭാഗത്തെല്ലാം മാലിന്യത്തിന്റെ കൂമ്പാരമാണ്.
പ്രദേശവാസികളുമായി ചർച്ച നടത്തി നിർമ്മാണം തുടങ്ങും. ടെൻഡർ നടപടികൾ അടക്കം പൂർത്തിയായിട്ടുണ്ട്.
നഗരസഭാ അധികൃതർ
സ്കൂൾ നവീകരിക്കാൻ 1 കോടിയുടെ പദ്ധതി