മല്ലപ്പള്ളി: മല്ലപ്പള്ളി - തിരുവല്ല റോഡിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. താലൂക്ക് ആസ്ഥാനത്തെ പ്രധാന റോഡിന്റെ വീതി കുറവും ഇരുവശങ്ങളിലെ പാർക്കിംഗും യാത്രക്കാരെ വലക്കുന്നു. വഴിയോര കച്ചവടവും റോഡിലെ കുഴികളുമാണ് കുരുക്കിന്റെ പ്രാധാന കാരണം. അലക്ഷ്യമായ വാഹനങ്ങളുടെ പാർക്കിംഗും കാൽനട യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. ഒട്ടേറെ കെ.എസ്ആർ.ടി.സി, സ്വകാര്യ ബസുകളും, വലിയ ഭാരം കയറ്റി വരുന്ന ലോറികൾ എന്നിവയുടെ തിരക്കാണ് പാതയിൽ. റോഡിന്റെ വശങ്ങളിലാണ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഇതുമൂലം ഭാരവുമായി വരുന്ന വാഹനങ്ങൾ തിരക്കിൽ അകപ്പെടുന്നത് പതിവാണ്. ചില സമയത്ത് തിരക്ക് സംസ്ഥാനപാത വരെ നീളും. റോഡിലേക്ക് വാഹനങ്ങൾ ഇറക്കി പാർക്ക് ചെയ്യുന്നതിനാൽ മറ്റു വാഹനങ്ങൾക്ക് കടന്നുപോകുവാനും കഴിയാത്ത സ്ഥിയാണ്. പലപ്പോഴും ഏറെനേരം ഇതുമൂലം ഗതാഗത കുരുക്കും അനുഭവപ്പെടാറുണ്ട്. വാഹനങ്ങൾ കടന്നുപോകണമെങ്കിൽ പാർക്ക് ചെയ്തവ മാറ്റിയാലെ കഴിയൂ. അതുവരെ കാത്തു കിടക്കേണ്ട സ്ഥിതിയാണ്.
വൺവേ സംവിധാനം സ്വാഹ !
വലിയ വാഹനങ്ങൾക്കായി വൺവേ സംവിധാനം ഉണ്ടെങ്കിലും ചില സമയങ്ങളിൽ ഇത് പാലിക്കപ്പെടാറില്ല. പബ്ലിക് മാർക്കറ്റ് പ്രവർത്തിക്കുന്ന ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടപ്പാത കൈയേറി വഴിയോരക്കച്ചവടവും പാർക്കിംഗും പതിവാണ് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുവാൻ പൊലീസിന്റെ ഹോംഗാർഡിന്റെയോ സേവനം ഇവിടെയില്ല. മാർക്കറ്റ് ദിവസമെങ്കിലും സേവനം ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
........................................................................
മാർക്കറ്റ് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ ഇരുചക്രവാഹന യാത്ര പോലും തിരുവല്ല റോഡിൽ ദുഷ്കരമാണ്.
ഗതാഗത നിയന്ത്രണത്തിന് ഹോം ഗാർഡിന്റെയും സിഗ്നൽ ലൈറ്റിന്റെയും നിയന്ത്രണം ഉണ്ടായിരുന്നതുപോലെ പഴയ നിലയിലേക്ക് ഗതാഗത നിയന്ത്രിക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണം.
സുനിൽ
(ഇരുചക്ര വാഹന യാത്രികൻ)
..............................................................................
1. റോഡിന് വീതി കുറവ്, അനധികൃത പാർക്കിംഗും
2. വൺവേ സംവിധാനം പാലിക്കപ്പെടുന്നില്ല
3. പൊലീസിന്റെ ഹോംഗാർഡിന്റെയോ സേവനം ഇവിടെയില്ല ഐ