നഗരത്തിലെ ഇരട്ടപ്പാലത്തിനടിയിലെ മാലിന്യവും കാടും മണ്ണും നീക്കംചെയ്യണമെന്ന ആവശ്യം ശക്തം
അടൂർ : നഗരത്തിന്റെ ഹൃദയഭാഗത്തുള്ള അടൂർ വലിയതോട്ടിലെ പുതിയ ഇരട്ടപ്പാലത്തിനടിയിലെ മാലിന്യവും കാടും മണ്ണും ഒഴുക്ക് തടയുന്നത് വിനയായി. ശക്തമായ മഴ പെയ്താൽ തോട്ടിലെ വെള്ളം പാലത്തിന് മുകളിലേക്ക് എത്തുമെന്ന സ്ഥിതിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത മഴയിൽ ഇൗ സ്ഥിതിയുണ്ടായി. കനത്ത മഴയിൽ പാലം കടന്ന് വെള്ളം ടൗണിലേക്ക് കയറാൻ സാദ്ധ്യതയുണ്ട്. ഇങ്ങനെ സംഭവിച്ചാൽ നഗരത്തിൽ വലിയ വെള്ളപ്പൊക്കം ഉണ്ടാകുമെന്നാണ് ആശങ്ക. കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ടൗൺ ജുമാ മസ്ജിദ്, ഓട്ടോ സ്റ്റാൻഡ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ മദ്ധ്യത്തിലാണ് ഇരട്ടപ്പാലം. പാലത്തിന് സമാന്തരമായി കിടക്കുന്ന ഇരുമ്പ് പൈപ്പുകളിലേക്ക് ചെടികൾ പടർന്ന് കയറിയിരിക്കുകയാണ്. അടിയന്തരമായി പൈപ്പുകൾ മാറ്റി ചെടികൾ വെട്ടി മറ്റേണ്ടതുണ്ട്. പാലത്തിനടിയിൽ മണ്ണ് മൂടി ഉയർന്നു കിടക്കുന്നുമുണ്ട്. പകൽ സമയങ്ങളിൽ പോലും പാലത്തിൽ നിന്ന് മാലിന്യങ്ങൾ താഴേക്ക് തള്ളുന്നത് സ്ഥിരം കാഴ്ചയാണ്. ഇത്തരക്കാർക്കെതിരെ നഗരസഭ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. പാലത്തിൽ സി.സി. ടിവി സ്ഥാപിക്കണമെന്ന് പൊതു പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
അടുത്തിടെ രണ്ട് ദിവസം പെയ്‌ത കനത്ത മഴയിൽ അടൂർ സെൻട്രൽ ടോളും പരിസരവും വെള്ളത്തിൽ മുങ്ങിയിരുന്നു. അടിയന്തരമായി നഗരസഭ ഇടപ്പെട്ട് പാലത്തിന്റെ അടിയിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കാട് വെട്ടിത്തെളിക്കുകയും മണ്ണ് മാറ്റുകയും വേണമെന്ന ആവശ്യം ശക്തമാണ്. ഇരട്ടപ്പാലത്തിലെ മാലിന്യക്കൂമ്പാരത്തെക്കുറിച്ചും ചെടികൾ വളർന്ന് നിൽക്കുന്നതിനെക്കുറിച്ചും നേരത്തെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
----------------------------
പാലത്തിനടിയിലെ തോട്ടിലെ വെള്ളം ഒഴുകുന്നതിനുള്ള തടസം ഉടൻതന്നെ നീക്കും. ടൗണിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ നഗരസഭ സ്വീകരിച്ചിട്ടുണ്ട്.
ദിവ്യ റെജി മുഹമ്മദ്
നഗരസഭാ ചെയർപേഴ്‌സൺ
---------------------------
കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്തും തോട് നവീകരണത്തിനായി ലക്ഷങ്ങൾ ചെലവഴിച്ചതാണ്. തോട് കൈയേറ്റം ഒഴിപ്പിക്കുമെന്ന് പറയുന്നതല്ലാതെ നവീകരണം എന്ന പേരിൽ പ്രഹസനമാണ് നടക്കുന്നത്. അടിയന്തരമായി തോട് വൃത്തിയാക്കി പ്രശ്നപരിഹാരം ഉണ്ടാകണം.
ശശികുമാർ
നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ