കോന്നി: വിദ്യാഭ്യാസത്തിലൂടെ മാത്രമേ വ്യക്തിക്കും സമൂഹത്തിനും പുരോഗതി കൈവരുവെന്ന് അടൂർ പ്രകാശ് എം.പി പറഞ്ഞു. കോന്നി കൾച്ചറൽ ഫോറം സംഘടിപ്പിച്ച കോന്നി മെറിറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിവിൽ സർവീസ് മേഖലയിൽ മലയോര മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കടന്നുവരാൻ കഴിയണം. 1996 ൽ വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കമായിരുന്ന കോന്നി പിന്നീട് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള പ്രദേശമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യാതിഥിയായിരുന്നു. സിവിൽ സർവീസ് റാങ്ക് ജേതാക്കളായ ബെൻജോ പി ജോസ്, കസ്തൂരി ഷാ, ഹയർസെക്കൻഡറി പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ സനുഷ സനോജ്, ആർ.നന്ദാദേവി, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വി അമ്പിളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി സാബു, ജില്ലാ പഞ്ചായത്തംഗം വി ടി അജോമോൻ, ഗ്രാമപഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, രാജ്യാന്തര പരിശീലകൻ ബിനു കെ സാം, വിദ്യാഭ്യാസ ചിന്തകൻ പ്രമോദ് കുമാർ.ടി, കോന്നി കൾച്ചറൽ ഫോറം വൈസ് ചെയർമാൻ എസ്.സന്തോഷ് കുമാർ, കൺവീനർ ബിനുമോൻ ഗോവിന്ദൻ എന്നിവർ സംസാരിച്ചു. 10,12 ക്ലാസുകളിലെ പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവരെയും വിവിധ സർവകലാശാല പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും ആദരിച്ചു.