അടൂർ : എം.സി റോഡിൽ ഏനാത്ത് കല്ലടയാറിന് കുറുകെ സമാന്തര പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ്‌ റിയാസിന് ഏഴാംകുളത്തെ വ്യാപാരികളും നാട്ടുകാരും നിവേദനം നൽകി. ഏനാത്ത് ജംഗ്ഷനിൽ നിന്ന് വളരെ മാറി, ഏനാത്ത് ബൈപ്പാസിലാണ് 1998ൽ നിർമ്മിച്ച പാലം. പാലത്തിന് തകർച്ച നേരിട്ടപ്പോൾ പില്ലറുകൾ ബലപ്പെടുത്തിയിരുന്നു. ഇപ്പോഴുള്ള പാലത്തിന് സമാന്തരമായി ഏനാത്ത് പഴയ പാലം പൊളിച്ച സ്ഥലത്ത് പുതിയൊരു പാലം നിർമ്മിച്ചാൽ എം.സി റോഡിൽ തെക്കുനിന്ന് വരുന്ന ശബരിമല തീർത്ഥാടകർക്ക് പ്രയോജനംചെയ്യും. അടൂർ വഴി ചുറ്റിപ്പോകാതെ, കടമ്പനാട്- ഏഴംകുളം മിനി ഹൈവേയിലൂടെയും ഏഴംകുളം കൈപ്പട്ടൂർ റോഡിലൂടെയും ശബരിമലയിലും തേക്കടി, വാഗമൺ, കുമളി, ഇടുക്കി, റാന്നി , എരുമേലി എന്നിവിടങ്ങളിലേക്കും വേഗത്തിലെത്താം. നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകേണ്ടിയവർക്കും ഇൗ റോഡുകളിലൂടെ റാന്നിയിലെത്തി മൂവാറ്റുപുഴ ഹൈവേയിൽ പ്രവേശിച്ച് പോകാൻ കഴിയും.