blocked
തൈമറവുംകരയിലെ പഴയവഴി തൂണുകൾകൊണ്ട് അടച്ചനിലയിൽ

തിരുവല്ല: മഴക്കാലമായതോടെ തൈമറവുംകര റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇവിടുത്തെ പഴയ വഴിയും റെയിൽവേ അടച്ചതോടെ യാത്രചെയ്യാൻ മാർഗമില്ലാതെ വലയുകയാണ് നാട്ടുകാർ.
അരനൂറ്റാണ്ടിലേറെയായി തൈമറവുംകരയിലെ ജനങ്ങൾ ഉപയോഗിച്ചിരുന്ന വഴി രണ്ടാഴ്ച മുമ്പാണ് അടച്ചത്. അടിപ്പാതയ്ക്ക് സമീപത്തെ വഴി തൂണുകൾ സ്ഥാപിച്ച് അടയ്ക്കുകയായിരുന്നു. പതിനഞ്ചോളം കുടുംബങ്ങളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. 1950 കാലഘട്ടത്തിൽ റെയിൽപാത നിർമ്മിക്കാനായി സ്ഥലം വിട്ടുനൽകിയ കുടുംബങ്ങളാണിത്. മഴക്കാലത്ത് തൈമറവുംകര റെയിൽവേ അടിപ്പാതയിൽ വെള്ളക്കെട്ട് രൂപപ്പെടുമ്പോൾ ഇതുവഴിയായിരുന്നു ആളുകൾ യാത്രചെയ്തിരുന്നത്. ഈസമയം റെയിൽപാതയുടെ മറുകരയെത്താൻ പ്രദേശവാസികൾക്ക് മറ്റ് മാർഗമില്ല. വരട്ടാറിന് സമീപ പ്രദേശമായതിനാൽ ചുറ്റുപാടും വെള്ളപ്പൊക്കം ഉണ്ടാകുമ്പോഴും ജനങ്ങൾ ഈ വഴിയാണ് ഉപയോഗിച്ചിരുന്നത്. ഇത്തവണ കാലവർഷത്തിന്റെ തുടക്കത്തിൽത്തന്നെ അടിപ്പാതയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ സ്‌കൂൾ തുറക്കുമ്പോൾ കുട്ടികൾ ഉൾപ്പെടെ വലയും.

വഴിയടച്ചത് മുന്നറിയിപ്പില്ലാതെ

ടിപ്പർ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോയിരുന്ന ലവൽക്രോസിലൂടെയുള്ള ഗതാഗതം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേരത്തെ കുറഞ്ഞിരുന്നു. എങ്കിലും വെള്ളക്കെട്ടാകുമ്പോൾ നാട്ടുകാർ ഇൗ വഴി ഉപയോഗിച്ചിരുന്നു. പക്ഷേ കഴിഞ്ഞ ദിവസം റെയിൽവേ അധിക‌ൃതർ മുന്നറിയിപ്പില്ലാതെ തൂണുകൾ നാട്ടി വഴി പൂർണമായി അടയ്ക്കുകയായിരുന്നു സമീപവാസികൾ ആരാധിക്കുന്ന പുരാതനമായ കാവും ക്ഷേത്രവും ഇവിടെയുണ്ട്. റെയിൽവേ വഴി അടച്ചതോടെ കാവിലേക്കും ക്ഷേത്രത്തിലേക്കുള്ള യാത്രാമാർഗവും ഇല്ലാതായി. വഴിതുറന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളിധരന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് പരാതി നൽകി.

കഴിഞ്ഞ ദിവസം കാവിലേത്ത് വീട്ടിലെ വത്സമ്മ ഗോപാലകൃഷ്ണന് (65) വീണ് പരിക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ കൊണ്ടുപോകാൻ വഴിയില്ലാതെ ബന്ധുക്കൾ ബുദ്ധിമുട്ടി.

ബുദ്ധിമുട്ടുന്നത് 15 കുടുംബങ്ങൾ