vote

പത്തനംതിട്ട : വോട്ടെണ്ണലിന് ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ ഏഴിന് സ്‌ട്രോംഗ് റൂം തുറക്കും. രാവിലെ എട്ടിന് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങും. 8.30ന് വോട്ടിംഗ് യന്ത്രങ്ങളിലെ കൗണ്ടിംഗ് ആരംഭിക്കും. എണ്ണുന്ന ടേബിളിൽ ഒന്നുവീതം സൂപ്പർവൈസർ, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സർവർ എന്നിവരാണുള്ളത്. ഹോം വോട്ടിംഗിൽ രേഖപ്പെടുത്തിയ തപാൽ വോട്ടുകളാണ് ആദ്യം എണ്ണുക. ഒരു ടേബിളിൽ ഒരു അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ, ഒരു കൗണ്ടിംഗ് സൂപ്പർവൈസർ, രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്‌സർവർ എന്നിങ്ങനെയാണുള്ളത്.
കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂർ എന്നീ ഏഴ് നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഇ.വി.എമ്മുകൾ എണ്ണുന്നതിന് ഏഴ് കൗണ്ടിംഗ് ഹാളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഓരോ ഹാളിലും 14 മേശ സജ്ജമാക്കിയിട്ടുണ്ട്. പോസ്റ്റൽ വോട്ട് എണ്ണുന്നതിന് 35 മേശ, സർവീസ് വോട്ട് എണ്ണുന്നതിനു മുൻപായി സ്‌കാനിംഗിനു വേണ്ടി ഒരു ഹാളിലായി 14 മേശ എന്നിങ്ങനെ സജ്ജീകരിച്ചിട്ടുണ്ട്.

കൗണ്ടിംഗ് ഏജന്റുമാർ കറങ്ങി നടക്കരുത്

ഇ.വി.എം, പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് മേശയിലേക്ക് സ്ഥാനാർത്ഥിക്ക് കൗണ്ടിംഗ് ഏജന്റുമാരെ നിയമിക്കാം. ഓരോ സ്ഥാനാർത്ഥിക്കും ചീഫ് ഇലക്ഷൻ ഏജന്റിനും റിട്ടേണിംഗ് ഓഫീസറുടെ ടേബിളിൽ കൗണ്ടിംഗ് വീക്ഷിക്കാം. കൗണ്ടിംഗ് ഏജന്റുമാരെ അവർക്കായി അനുവദിച്ചിട്ടുള്ള മേശ നമ്പർ വിട്ട് സഞ്ചരിക്കാൻ അനുവദിക്കില്ല.
കൗണ്ടിംഗ് ഏജന്റ് ഐ.ഡി കാർഡും ഫോറം 18ന്റെ പകർപ്പ് കയ്യിൽ സൂക്ഷിക്കണം. കൗണ്ടിംഗ് ഹാളിൽ പ്രവേശിക്കുമ്പോൾ റിട്ടേണിംഗ് ഓഫീസർ അനുവദിക്കുന്ന ബാഡ്ജ് കയ്യിൽ കരുതണം. ഓരോ മണ്ഡലത്തിലേയും അഞ്ചു ബൂത്തുകളിലെ വി.വി പാറ്റ് സ്ലിപ്പുകൾ നിർബന്ധമായും എണ്ണും. നറുക്കിട്ടാണ് ബൂത്തുകൾ തിരഞ്ഞെടുക്കുകയെന്നും കളക്ടർ എസ്.പ്രേംകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ പൊലീസ് മേധാവി വി.അജിത്ത്, തിരുവല്ല എ.ആർ.ഒ സഫ്‌ന നസറുദ്ദീൻ, അടൂർ എ.ആർ.ഒ വി.ജയമോഹൻ, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ സി.പത്മചന്ദ്രക്കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.

പോസ്റ്റൽ വോട്ടുകൾ : 13,789

85 വയസിനു മുകളിലുള്ള വോട്ടർമാർ : 9,657

ഭിന്നശേഷിക്കാർ : 2,035

അവശ്യസേവനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ : 446

പോളിംഗ് ഓഫീസർമാർ : 1651

ആ​കെ​ ​വോ​ട്ട​ർ​മാ​ർ​ ​:​ 14,29,700
പോ​ൾ​ ​ചെ​യ്ത​ത് ​:​ 9,06,051