മെഴുവേലി : വിദ്യകൊണ്ട് പ്രബുദ്ധരാകാൻ ആഹ്വാനംചെയ്ത ശ്രീനാരായണ ഗുരുദേവന്റെ സന്ദേശങ്ങൾ ഉൾക്കൊണ്ട് നവോത്ഥാന നായകനായിരുന്ന സരസകവി മൂലൂർ എസ്.പത്മനാഭ പണിക്കർ ഒരു നൂറ്റാണ്ടിന് മുമ്പ് സ്ഥാപിച്ച കൊച്ചുപള്ളിക്കൂടമായ മെഴുവേലി ഗവ. ജി.വി.എൽ.പി സ്‌കൂൾ സ്മാർട്ടായി. മെഴുവേലി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്നുനൽകിയ കൊച്ചുപള്ളിക്കൂടത്തിന്റെ മാറ്റം നാടിന് ആവേശമായി. കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായി ജനകീയ കൂട്ടായ്മയിലൂടെ മുന്നേറുകയാണ് സ്കൂൾ.
കഴിഞ്ഞവർഷം പൂർവവിദ്യാർത്ഥികളുടെ സഹകരണത്തോടെ ആരംഭിച്ച പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ശീതിരീകരിച്ച പ്രീ പ്രൈമറി സ്‌കൂളിന് അനുബന്ധമായി ഇപ്പോൾ ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ് റൂമായി പുനക്രമീകരിച്ചു . ആശയ രൂപീകരണത്തിനുള്ള വൈവിദ്ധ്യമാർന്ന ചിത്രങ്ങൾ, വൈഫൈ ബ്ലൂടൂത്ത് സൗകര്യങ്ങളോടു കൂടിയ എൽ.സി.ഡി ടി.വി അടങ്ങിയ ഡിജിറ്റൽ സൗകര്യങ്ങൾ, ആധുനിക ഇരിപ്പിടങ്ങൾ തുടങ്ങി ഏറെ വൈവിദ്ധ്യങ്ങളുമായാണ് നവീകരണം. ഹെഡ്മിസ്ട്രസ് വി.എസ്.സരിതയാണ് നവീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
-----------------
പൊതുവിദ്യാഭ്യാസത്തെ ശാക്തീകരിക്കുന്നതിന് പൂർവ വിദ്യാർത്ഥികൾ കാട്ടിയ ജനകീയ ഇടപെടൽ പ്രശംസാർഹമാണ്. ജി.വി.എൽ.പി സ്‌കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സ്‌കൂൾ സഹായ കൂട്ടായ്മ സംസ്ഥാനത്തിന് മാതൃകയാണ്.
പിങ്കിശ്രീധർ
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
---------------------------
സന്തോഷ വിദ്യാലയം ജനായത്ത വിദ്യാലയം എന്ന ആശയത്തെ മുൻനിറുത്തിയാണ് അക്കാഡമിക മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്. പൂർവവിദ്യാർത്ഥികളുടെയും പ്രദേശവാസികളുടെയും രക്ഷാകർത്താക്കളുടെയും സഹകരണമുണ്ടെങ്കിൽ ജില്ലയിലെ എല്ലാ സർക്കാർ സ്‌കൂളുകളും സ്മാർട്ട് സ്കൂളുകളാക്കാൻ കഴിയും.
ഡോ. സുജമോൾ
ഡി.പി.ഒ