road-

റാന്നി : ശബരിമല പാതയിലെ പുതുക്കട- ളാഹ മേഖലയിൽ റോഡിന്റെ വശങ്ങളിലെ കാട് അപകടഭീഷണിയായി. സ്ഥിരം അപകടമുണ്ടാകുന്ന കൊടും വളവിൽ പോലും വശങ്ങളിൽ കാട് വളർന്നുനിൽക്കുകയാണ്. എല്ലാ മാസവും നിരവധി ശബരിമല തീർത്ഥാടകർ കടന്നുപോകുന്ന പാതയാണിത്. ളാഹ, പുതുക്കട, ചിറ്റാർ, നിലയ്ക്കൽ, അട്ടത്തോട് പ്രദേശങ്ങളിലുള്ളവർ പെരുനാട്, റാന്നി, പത്തനംതിട്ട ഭാഗങ്ങളിലെത്താൻ പ്രധാനമായും ആശ്രയിക്കുന്ന റോഡാണിത്. വന്യ ജീവികളുടെയും, റോഡിലേക്ക് അഴിച്ചുവിട്ടിരിക്കുന്ന കന്നുകാലികളുടെയും ശല്യവും രൂക്ഷമാണ്. കന്നുകാലികളെ അഴിച്ചുവിടുന്നതിനെതിരെ നിരവധി പരാതികൾ ഉണ്ടായെങ്കിലും നടപടിയില്ല. കന്നുകാലികൾ രാത്രിയിൽ റോഡിൽ കിടക്കുന്നത് കാരണം ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടാറുണ്ട്. പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.