മല്ലപ്പള്ളി : ശ്രീകൃഷ്ണവിലാസം പൊതുചന്തയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാത്ത് താലൂക്ക് നിവാസികൾ. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും താലൂക്കിലെ പ്രധാനപ്പെട്ട ചന്തയാണ് ശ്രീകൃഷ്ണവിലാസം പൊതുചന്ത. ചന്തയോടു ചേർന്നു നേരത്തെയുണ്ടായിരുന്ന മാലിന്യസംസ്കരണപ്ലാന്റിന്റെ പുകക്കുഴൽ 10 വർഷംമുൻപ് ഒടിഞ്ഞുവീണ് മേൽക്കൂരയുടെ കുറേഭാഗങ്ങൾ തകർന്നിരുന്നു. അന്ന് ആസ്ബസ്റ്റോസ് ഷീറ്റുകൾക്കും ഇതുറപ്പിച്ചിരുന്ന ഇരുമ്പുഗർഡറുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. എന്നാൽ, വർഷങ്ങൾ പലതു കഴിഞ്ഞിട്ടും ഇത് നന്നാക്കുന്നതിനുള്ള നടപടിയില്ലാതിരുന്നതുമൂലം മറ്റിടങ്ങളിലേക്കുകൂടി തകർച്ചവ്യാപിച്ചു. കൂടുതൽ ആസ്ബസ്റ്റോസ്ഷീറ്റുകൾ ഇല്ലാതായി. ഷീറ്റുകളില്ലാത്ത ഭാഗങ്ങളിൽ മഴയും വെയിലുമേറ്റ് ഇരുമ്പു ഗർഡറുകളിൽ തുരുമ്പെടുത്തിട്ടുണ്ട്. ഇതു മറ്റിടങ്ങളിലേക്കുകൂടി വ്യാപിച്ചാൽമേൽക്കൂര മുഴുവനും നിലംപതിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല. ഷെഡിനകം പൂർണമായും വ്യാപാരം നടത്തിയിട്ട് നാളുകൾ കഴിഞ്ഞു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2010-11 പദ്ധതിയിൽ 15ലക്ഷം രൂപ വിനിയോഗിച്ച് 2012സെപ്റ്റംബറിനാണ് സാധന വിപണന സ്റ്റാളുകളുടെ ഷെഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. ഡിസംബർ 21ന് ഉദ്ഘാടനവും നടത്തി.പിന്നീട് അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.
പദ്ധതികൾപാളി, ചന്തയിലേക്കുള്ള റോഡും തകർച്ചയിൽ
തറയിൽ നിരത്തിയിട്ടുള്ള ടൈലുകൾക്കും മിക്കയിടങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സാധനങ്ങൾ വയ്ക്കുന്നതിനു കോൺക്രീറ്റിൽ നിർമ്മിച്ചിട്ടുള്ള മേശകളും നാശത്തിന്റെ പാതയിലാണ്. ഭിത്തികളിലും മറ്റും പെയിന്റിംഗും ഇളകിക്കഴിഞ്ഞു. ചന്തയിലേക്കുള്ള റോഡും തകർച്ചയുടെ പാതയിലാണ്. ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ 5 ലക്ഷം രൂപ മുടക്കി കുറെയിടങ്ങളിൽ ഇന്റർലോക്ക് കട്ടകൾ നിരത്തിയതൊഴിച്ചാൽ മറ്റിടങ്ങളിൽ വാഹന കാൽനടയാത്രയും ദുഷ്കരമാണ്.
......................
പൊതുചന്തയുടെ നാശോന്മുഖമായ കെട്ടിടത്തിന്റെ മേൽക്കൂരയുടെ അറ്റകുറ്റപണികൾക്കായി 2018ൽ തുക വകയിരുത്തിയെങ്കിലും പണികളൊന്നും നടന്നില്ല. മത്സ്യ സ്റ്റാളുകളുടെ അശാസ്ത്രീയ നിർമ്മാണങ്ങൾ പൊളിച്ചു മാറ്റി ആധുനികരീതിയിൽ പുനർനിർമ്മിക്കുന്നതിനായിരുന്നു പദ്ധതി.
........................
പൊതു ചന്തയുടെ നവീകരണത്തിനും, റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനും പദ്ധതികൾ തയാറാക്കി നടപ്പിലാക്കണം.
ഓമനക്കുട്ടൻ
(ചന്തയിലെ ചെറുകിടവ്യാപാരി)
...................
-നിർമ്മാണം പൂർത്തീകരിച്ചത് 2010-11ൽ
-ചിലവ് 15ലക്ഷം