പത്തനംതിട്ട : ജീവനക്കാർക്കും അദ്ധ്യാപകർക്കുമായി സർക്കാർ നടപ്പാക്കാൻ ഒരുങ്ങുന്ന ജീവാനന്ദം സമ്പാദ്യ പദ്ധതി ആനന്ദം പകരില്ലെന്ന് ജീവനക്കാർ. ഇപ്പോൾ തന്നെ ജി.ഐ.എസ്,എസ്. എൽ. ഐ, ജി.പി.എ.എസ് എന്നിങ്ങനെ പദ്ധതികൾ നിലവിലുണ്ട്. ഇതിനു പുറമെ ഇപ്പോൾ ജീവനന്ദം പദ്ധതിയുടെ ആവശ്യകത എന്താണെന്നു വ്യക്തമല്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറയുന്നു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 500 രൂപ മെഡിസിപ് പ്രീമിയമായി സർക്കാർ പിടിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരിൽ നിന്ന് 10ശതമാനം പെൻഷൻ വിഹിതവും സർക്കാർ പിടിക്കുന്നു. ഇനിയും പണം ജീവാനന്ദം പദ്ധതി സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായുള്ളതാണെന്ന് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. ജീവാനന്ദം പദ്ധതിക്ക് പണം പിരിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ജില്ലാ കമ്മിറ്റി യോഗം അറിയിച്ചു. പ്രസിഡന്റ് പി.ചാന്ദിനി അദ്ധ്യക്ഷത വഹിച്ചു. മീന ഏബ്രഹാം, ഡോ.അനിത ബേബി, ജയ മാത്യൂസ്, വിനു ഗോപൻ, ഹരികുമാർ, ബിനു കെ.സത്യപാലൻ, ജ്യോതിസ് എന്നിവർ സംസാരിച്ചു.