school

പത്തനംതിട്ട : രണ്ടുമാസത്തെ അവധിക്ക് ശേഷം സ്കൂളുകളിലേക്ക് ഇന്ന് വിദ്യാർത്ഥിക്കൂട്ടമെത്തും. മധുരം നൽകി നവാഗതർക്ക് സ്വാഗതമേകാൻ
ജില്ലയിലെ വിദ്യാലയങ്ങൾ ഒരുങ്ങി. കുട്ടികളെ വരവേൽക്കാനായി സർക്കാർതലത്തിൽ പ്രവേശനോത്സവ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തിലാണ് പ്രവേശനോത്സവം.

ആദ്യദിനം മുതൽ ഉച്ചഭക്ഷണം
സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഉച്ചഭക്ഷണം ആദ്യദിനം മുതൽക്കേ നൽകണമെന്നാണ് നിർദേശം. ഒന്നു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് ഉച്ചഭക്ഷണ പദ്ധതിയുടെ കീഴിലുള്ളത്. പ്രീ പ്രൈമറി കുട്ടികൾക്കും ലഭ്യമാകും.

നാഥനില്ലാതെ ഒാഫീസുകൾ

ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വിരമിച്ച ഒഴിവിൽ പുതിയ നിയമനം നടക്കാതെയാണ് ഇന്ന് പ്രവേശനോത്സവം. ഓഫീസിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റിനാണ് ചുമതല. തിരുവല്ലയിൽ ഡി.ഇ.ഒയും വിരമിച്ചു. പന്തളം, കോന്നി സബ് ജില്ലകളിൽ പുതിയ എ.ഇ.ഒമാർ ചാർജ് എടുത്തിട്ടില്ല. പുല്ലാട്, റാന്നി, വെണ്ണിക്കുളം സബ് ജില്ലകളിലെ എ.ഇ.ഒമാർ സ്ഥലംമാറിയതോടെ പുതിയ ആളുകൾ ചുമതലയേൽക്കണം. അദ്ധ്യാപകരുടെ ഒഴിവുകൾ നികത്താനായി റിപ്പോർട്ടു നൽകാൻ പ്രഥമാദ്ധ്യാപകർക്ക് നിർദേശം നൽകിയിട്ടുണ്ട്. അതുവരെ താൽകാലിക അദ്ധ്യാപകരെ നിയമിച്ച് പഠനം തുടരും.

സർക്കാർ പ്രൈമറി സ്‌കൂളുകളിൽ 27 പ്രഥമാദ്ധ്യാപകരാണ് വിരമിച്ചത്. പകരം ആളുകളെ നിയമിച്ചിട്ടില്ല. സ്ഥാനക്കയറ്റം ലഭിച്ചതും വിരമിച്ചതുമായ 59 അദ്ധ്യാപകരുടെ ഒഴിവുകളുമുണ്ട്. ഹൈസ്‌കൂൾ വിഭാഗത്തിൽ വിരമിക്കലിലൂടെ 45 അദ്ധ്യാപകരുടെ ഒഴിവുണ്ട്.

ഒഴിവുകൾ വേഗം പരിഹരിക്കുമെന്നാണ് ലഭിച്ച വിവരം. കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ അദ്ധ്യയനം മുമ്പോട്ട് പോകും.

വിദ്യാഭ്യാസ വകുപ്പ് അധികൃതർ

ജില്ലാതല പ്രവേശനോത്സവം പെരിങ്ങനാട്
ജില്ലാതല പ്രവേശനോത്സവം പെരിങ്ങനാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. രാവിലെ 10ന് മന്ത്രി വീണാ ജോർജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി.രാജപ്പൻ മുഖ്യപ്രഭാഷണം നടത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച പ്രതിഭകളെയും ആദരിക്കും.