തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണധ്വജ നിർമ്മാണത്തിനുള്ള തേക്ക് മരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനിടുന്ന ചടങ്ങ് 7ന് രാവിലെ 9.50നും 10.30നും മദ്ധ്യേ നടത്തും. ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് തൈലാധിവാസ ചടങ്ങുകൾക്ക് തിരി തെളിക്കും. ഔഷധ എണ്ണയുടെ കലശപൂജ തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തും. തേക്കിൻതടി എണ്ണത്തോണിയിൽ നിക്ഷേപിച്ച് പ്രത്യേകം തയാറാക്കി പൂജിച്ച എണ്ണയൊഴിക്കും. 35ആയൂർവേദ മരുന്നുകളും ഔഷധക്കൂട്ടുകളും ഇടിച്ച് പിഴിഞ്ഞ് എടുത്ത് ഉണ്ടാക്കുന്ന തൈലത്തിലാണ് തടി നിക്ഷേപിക്കുന്നത്. 13കൂട്ടം വസ്തുക്കൾ ചേർത്ത് ആദ്യം കഷായം വയ്ക്കും. അത് നാലിലൊന്നായി വറ്റിച്ചെടുത്ത് എളെണ്ണയിൽ മറ്റ് ആയുർവേദ-അങ്ങാടിമരുന്നുകളും ചേർത്താണ് തൈലം തയാറാക്കുന്നത്. ആറുമാസത്തിൽ കുറയാതെ കൊടിമരം എണ്ണത്തോണിയിലെ തൈലത്തിൽ വിശ്രമിക്കും.പുതുതായി സ്ഥാപിക്കുന്ന കൊടിമരത്തിനുളള മരം എണ്ണത്തോണിയിലിട്ട് പാകപ്പെടുത്തുന്ന ചടങ്ങാണിത്. ശ്രീവല്ലഭക്ഷേത്ര മേൽശാന്തി ചുരൂർ മഠത്തിൽ ശ്രീകുമാറാണ് എണ്ണത്തോണി വഴിപാടായി സമർപ്പിച്ചത്. നിരവധി ക്ഷേത്രങ്ങളിലെ കൊടിമരത്തിന്റെ തടിക്ക് ഔഷധഎണ്ണ ഒരുക്കിയ തൊടുപുഴ സ്വദേശി വേണുവിന്റെ നേതൃത്വത്തിലുള്ള അഞ്ചോളം പേർ വ്രതമെടുത്താണ് ഔഷധ എണ്ണ തയാറാക്കുക. കഴിഞ്ഞ നവംബർ മാസം 4ന് പൂഞ്ഞാറിലെ പാതാംമ്പുഴയിൽ നിന്നാണ് സ്വർണ്ണ ധ്വജത്തിനുള്ള തേക്കുമരം മഹാഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചത്. തുടർന്ന് 19ന് ഉളിവയ്പ്പ് കർമ്മം നടന്നു. മരത്തിന്റെ തൊലിനീക്കി പച്ചമഞ്ഞളും പച്ചകർപ്പൂരവും തേച്ചുപിടിപ്പിച്ച് ഒരുമാസത്തോളം ഉണക്കിയശേഷം സ്വർണ്ണധ്വജസ്തംഭത്തിന്റെ പൂർണ്ണ ആകൃതിയിൽ മരം ഒരുക്കുന്ന ജോലികൾ പൂർത്തിയായി. തൈലാധിവാസത്തിനിടുന്ന എണ്ണത്തോണിയും ക്ഷേത്രത്തിനുള്ളിൽ പൂർത്തിയാക്കി. ക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ് ധ്വജസ്തംഭത്തിന്റെ നിർമ്മാണം. അനന്തൻ ആചാരിയാണ് കൊടിമരശിൽപ്പി. എണ്ണത്തോണിയിൽ നിക്ഷേപിക്കുന്ന ഔഷധഎണ്ണ ഭക്തർക്ക് വഴിപാടായി സമർപ്പിക്കാമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.എം.മോഹനൻ നായർ, സെക്രട്ടറി ബി.ജെ.സനിൽകുമാർ എന്നിവർ അറിയിച്ചു.