loksabha-elections

പത്തനംതിട്ട : കണ്ണും കാതും ഇന്ന് ചെന്നീർക്കരയിലാണ്. കേന്ദ്രീയ വിദ്യാലയത്തിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കുമ്പോൾ യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്ക് നാലാമൂഴം കിട്ടുമോ, അട്ടിമറി സംഭവിക്കുമോ എന്നാണ് വോട്ടർമാർ ആകാംക്ഷയോ‌ടെ ചിന്തിക്കുന്നത്. രാവിലെ പത്തരയോടെ അന്തിമഫലം പ്രതീക്ഷിക്കാം.

മണ്ഡലം രൂപീകരിച്ച 2009 മുതൽ ആന്റോ ആന്റണിക്കാണ് വിജയമെങ്കിലും ഒാരോ തവണയും ഭൂരിപക്ഷം കുറച്ചു കൊണ്ടുവന്ന എൽ.ഡി.എഫ് ഇത്തവണ അട്ടിമറി പ്രതീക്ഷിക്കുന്നു. ഫലം അനുകൂലമായാൽ ഡോ.തോമസ് ഐസക്കിന്റെ പുതിയ കാൽവയ്പ്പായിരിക്കും പത്തനംതിട്ടയിൽ. പാർലമെന്റിലേക്ക് അദ്ദേഹം ആദ്യമായിട്ടാണ് മത്സരിച്ചത്. അടിയൊഴുക്കുകളിൽ പ്രതീക്ഷയർപ്പിക്കുന്ന എൻ.ഡി.എയും അട്ടിമറി നടക്കുമെന്നാണ് അവകാശപ്പെടുന്നത്. അനിൽ കെ.ആന്റണിയിലൂടെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ എൻ.ഡി.എയ്ക്ക് കഴിഞ്ഞു. എക്സിറ്റ്പോൾ ഫലങ്ങളിൽ യു.ഡി.എഫിന് വിജയം പ്രവചിക്കുന്നു.

മുപ്പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കുമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്. സാമുദായിക വോട്ടുകൾ ഫലത്തെ സ്വാധീനിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട.

എൽ.ഡി.എഫ് പ്രതീക്ഷ

പാർലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും ഒപ്പം നിൽക്കുന്നതാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. നിലവിലെ എം.പിയോടുള്ള നിസംഗതയും തങ്ങൾക്ക് അനുകൂലമായേക്കുമെന്ന് കരുതുന്നു. മൈഗ്രേഷൻ കോൺക്ളേവ്, വിജ്ഞാന പത്തനംതിട്ട പദ്ധതിയും എെസക്കിന്റെ പ്രതീക്ഷയാണ്.

യു.ഡി.എഫ് പ്രതീക്ഷ

പത്തനംതിട്ടയിലെ വോട്ടർമാർ തന്നെ മറന്ന് കടുത്ത തീരുമാനം എടുക്കില്ലെന്നാണ് ആന്റോ ആന്റണി കരുതുന്നത്. മൂന്ന് തവണ എം.പിയായപ്പോൾ ലഭിച്ച മണ്ഡല പരിചയം തുണയ്ക്കുമെന്ന് ആന്റോ വിശ്വസിക്കുന്നു.

എൻ.ഡി.എ പ്രതീക്ഷ

മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാട് അംഗീകരിച്ച് ജനങ്ങൾ എൻ.ഡി.എയെ വിജയിപ്പിക്കുമെന്ന് സ്ഥാനാർത്ഥി അനിൽ കെ.ആന്റണി പറയുന്നു. പുതുതലമുറ വോട്ടും പ്രതീക്ഷയ്ക്ക് വകയാണെന്ന് അനിൽ കരുതുന്നു.

ആകെ വോട്ടർമാർ 14,29,700

പോൾ ചെയ്തത് 9,01,677.

പോളിംഗ് ശതമാനം 63.37

2019ൽ : 74.24

വ്യത്യാസം 10.87

ചർച്ചയായത് പോളിംഗിലെ കുറവ്

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പോളിംഗിലെ വൻ ഇടിവ് ആരെ ബാധിക്കുമെന്നതാണ് മണ്ഡലത്തിൽ ചർച്ചയായത്. നിലവിലെ എം.പി ആന്റോയോടുള്ള എതിർപ്പ് കാരണം യു.ഡി.എഫ് വോട്ടർമാർ വോട്ട് ചെയ്യാൻ എത്തിയില്ലെന്ന് എൽ.ഡി.എഫ് പ്രചരിപ്പിച്ചു. സി.പി.എമ്മിലെ പടലപ്പിണക്കവും തോമസ് ഐസക്കിനെ സ്ഥാനാർത്ഥിയാക്കിയതിൽ പാർട്ടി പ്രവർത്തകർക്കുള്ള അനിഷ്ടവും കാരണം എൽ.ഡി.എഫ് വോട്ടുകൾ കുറഞ്ഞുവെന്ന് യു.ഡി.എഫ് അവകാശപ്പെട്ടു. ഇടതുവലതു മുന്നണികളുടെ വോട്ടുകളാണ് ചെയ്യാതിരുന്നതെന്ന് എൻ.ഡി.എ കേന്ദ്രങ്ങൾ പറഞ്ഞു.

# 2019

ആകെ വോട്ട് 13,78587

പോൾ ചെയ്തത് 10,22763

ആന്റോ ആന്റണി : 3,80,089

വീണാജോർജ് : 3,35,476

കെ.സുരേന്ദ്രൻ : 2,95,627

ആന്റോ ആന്റണിയുടെ ഭൂരിപക്ഷം : 44613