1
മല്ലപ്പള്ളി കെഎസ്ആർടിസി സബ് ഡിപ്പോയിലെ മഴയില്ലാത്ത സമയത്തെ വെള്ളക്കെട്ട്.

മല്ലപ്പള്ളി : കെ.എസ്ആർ.ടി.സി മല്ലപ്പള്ളി സബ് ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതും കാത്ത് താലൂക്ക് നിവാസികൾ. മഴ കനത്തതോടെ ബസ് പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിംഗ് സ്ഥലത്തെ കഴികളിൽ വെള്ളക്കെട്ടാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഇതുകാരണം ജീവനക്കാരും ബസിനുള്ളിലേക്ക് കയറുന്നതും ദുരിതമാണ്. പുലർച്ചെ സർവീസ് തുടങ്ങുന്ന ദീർഘദൂര ബസുകളിൽ പോകുന്നതിന് എത്തുന്ന യാത്രക്കാർക്കും വെള്ളക്കെട്ട് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇവിടെ യാത്രക്കാരി കുഴിയിലകപ്പെട്ടു വീണതും ദിവസങ്ങൾക്കു മുമ്പാണ്. സബ് ഡിപ്പോയിൽ ആവശ്യാനുസരണം ലൈറ്റുകൾ ഇല്ലാത്തതും പുലർച്ചയ്ക്കും, രാത്രികാല യാത്രക്കാർക്കും ദുരിതമാണ് സമ്മാനിക്കുന്നത്. സബ് ഡിപ്പോ പ്രവർത്തിക്കുന്ന കെട്ടിടത്തിലും കാലാകാലങ്ങളിലുള്ള അറ്റകുറ്റപ്പണികൾ നടത്താറില്ലെന്നും ആക്ഷേപമുണ്ട് .

സർവീസുകൾ വെട്ടിച്ചുരുക്കി

രണ്ടര പതിറ്റാണ്ട് മുമ്പ് ആരംഭിച്ച സബ്സ്റ്റേഷനിൽ മാസങ്ങൾക്കു മുമ്പ് ലഭിച്ച സ്വിഫ്റ്റ് ബസും പത്തനംതിട്ട ഡിപ്പോയിലേക്ക് മാറ്റിയിരുന്നു. പാലക്കാട്ടേക്കാണ് ഇവിടെ നിന്നും ബസ് സർവീസ് നടത്തിയിരുന്നത്. ഇപ്പോൾ പത്തനംതിട്ടയിൽ നിന്ന് സർവീസ് തുടങ്ങുന്ന ബസ് മല്ലപ്പള്ളിയിൽ കൂടി പോകുമ്പോൾ കാണാമെന്ന് മാത്രമായി.എല്ലാദിവസവും നിലമ്പൂരിന് സർവീസ് നടത്തിയിരുന്ന സൂപ്പർഫാസ്റ്റ് ബസും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രമാക്കി സർവീസ് ചുരുക്കി. മലയോര മേഖലയിലെ യാത്രയ്ക്ക് പരിഹാരമായി സബ് ഡിപ്പോ തുടങ്ങിയതെങ്കിലും താലൂക്ക് നിവാസികളെ യാത്രാക്ലേശത്തിലേക്കു തള്ളിവിട്ട് സബ് ഡിപ്പോ ഇല്ലാതാകുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.

......................

ഡിപ്പോ നവീകരണത്തിനും പ്രവേശന കവാടത്തിലെ മാലിന്യക്കൂമ്പാരവും നിയന്ത്രിക്കുന്നതിനും അധികൃതർ അടിയന്തര ഇടപെടൽ സ്വീകരിക്കണം.

രമേശ് കുമാർമഞ്ചാടിയിൽ

(യാത്രക്കാരൻ)