അടൂർ : റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി പുനർനിർമാണം നടത്തിയ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഉഷസ് പടി - വെള്ളപ്പാറ മുരുപ്പ് റോഡിന്റെ വിവിധ ഭാഗങ്ങൾ ഇടിഞ്ഞു താഴ്ന്നു. ഒന്നര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ വിവിധ ഭാഗങ്ങൾ ഇടിഞ്ഞു താഴുകയും പലയിടങ്ങളിൽ ബലക്ഷയം സംഭവിക്കുകയും ചെയ്തു. വെറും രണ്ടുമാസം മുൻപാണ് റോഡിന്റെ ടാറിംഗ് ജോലികൾ പൂർത്തീകരിച്ചത്. ഒരുകോടി 75ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച റോഡ് നിർമ്മാണത്തിൽ കരാറുകാരനും ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ ഗുരുതര വീഴ്ചയാണെന്ന് റോഡ് തകരാൻ കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു. റോഡിന്റെ അംഗീകൃത ഡി.പി.ആറിൽ ഉണ്ടായിരുന്ന റോഡ് മാർക്കിംഗുകൾ, സൂചന ബോർഡുകൾ, അയറിഷ്, ഡ്രൈനേജ് എന്നിവ ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. വിഷയത്തിൽ അടിയന്തരമായി റോഡിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും തകർന്ന ഇടങ്ങൾ പുനർ നിർമ്മിക്കണമെന്നും അഴിമതി പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഏഴംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ചാർളി ഡാനിയേലും ഗ്രാമപഞ്ചായത്ത് അംഗം ശാന്തി.കെ.കുട്ടനും മുഖ്യമന്ത്രിക്കും റീ ബിൽഡ് കേരള പ്രോജക്ട് ഡയറക്ടർക്കും,തദ്ദേശ സ്വയംഭരണ വകുപ്പ് വിജിലൻസിനും പരാതി നൽകി.
........
നിർമ്മാണച്ചെലവ് 1.75ലക്ഷം