
തിരുവല്ല : മണിപ്പൂരിലെ കലാപഭൂമിയിൽ നിന്ന് തിരുവല്ലയിലെത്തിയ 47 കുട്ടികൾ പുതിയ അദ്ധ്യയന വർഷത്തിലെ ആദ്യ ദിനം ഉത്സവമാക്കി. കലാപത്തിൽ രക്ഷിതാക്കളെ നഷ്ടപ്പെട്ടവർ ഉൾപ്പെടെ 33 ആൺകുട്ടികളും 14 പെൺകുട്ടികളുമാണ് ഇരുവെള്ളിപ്ര സെന്റ് തോമസ് സ്‌കൂളിലും തിരുമൂലവിലാസം യു.പി സ്‌കൂളിലുമായി പ്രവേശനം നേടിയത്. സത്യം മിനിസ്ട്രീസിന്റെ നേതൃത്വത്തിലാണ് കുട്ടികളെ ഒരാഴ്ച മുമ്പ് ഇവിടെ എത്തിച്ചത്. മനയ്ക്കച്ചിറയിലെ ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികളുടെ പഠനച്ചെലവ് സ്‌കൂൾ അധികൃതർ വഹിക്കും. സെന്റ് തോമസ് സ്‌കൂളിലെ എട്ടാം ക്ലാസിൽ 19, ഒൻപതാം ക്ലാസിൽ 9, പത്താം ക്ലാസിൽ 11 കുട്ടികൾ വീതം പ്രവേശനം നേടി. തിരുമൂലവിലാസം സ്‌കൂളിലെ 6, 7 ക്ലാസുകളിലായി എട്ട് കുട്ടികളും പഠിക്കും. മലയാളം അറിയാത്തതിനാൽ ആശയവിനിമയത്തിന് ബുദ്ധിമുട്ടുണ്ട്. അദ്ധ്യാപകരുടെ സഹായത്തോടെ ഇംഗ്ലീഷിലാണ് അഭിപ്രായങ്ങൾ പങ്കിട്ടത്. അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.