മല്ലപ്പള്ളി : പെരുമ്പെട്ടി വില്ലേജിൽ ഉൾപ്പെട്ടുവരുന്ന വലിയകാവ്‌ റിസർവിന്റെ ഡിജിറ്റൽ സർവേ പൂർത്തിയായി. ഏകദേശം ഒന്നര മാസത്തോളം സമയമായി ജില്ലാ അതിർത്തിയും താലൂക്ക് അതിർത്തിയും തിട്ടപ്പെടുത്തിയാണ് ഉൾവനത്തിൽ കൂടി വലിയകാവും റിസർവിന്റെയും പൊന്തൻപുഴ റിസർവിന്റെയും അതിർത്തിവനം വകുപ്പ് അധികാരികളുടെ സാന്നിദ്ധ്യത്തിൽ തിട്ടപ്പെടുത്തിയത്. ഏകദേശം 300 ഓളം പോയിന്റുകൾ ഒബ്സർവ് ചെയ്താണ് അതിർത്തി പുനർനിർണയം നടത്തിയത്. 540 ഹെക്ടറോളം വിസ്തീർണ്ണമാണ് വലിയകാവ് റിസർവിന് പെരുമ്പെട്ടി വില്ലേജിലുള്ളത്. ഹെഡ് സർവേയുടെ പരിശോധനയും പൂർത്തിയായിട്ടുണ്ട്. 2310 ഹെക്ടറുള്ള പെരുമ്പെട്ടി വില്ലേജിന്റെ വിസ്തീർണത്തിന്റെ 35% ഡിജിറ്റൽ സർവേ പൂർത്തിയായി. മഴക്കാലമായാൽ വെള്ളം കയറി കിടക്കുന്ന നിലം വരുന്ന ഭാഗത്തിന്റെ 80%വും പൂർത്തിയായി. പെരുമ്പെട്ടി വില്ലേജിലേക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്നത് മൂന്ന് ആർ.ടി.കെ മെഷീനാണ്. ഒൻപത് ജീവനക്കാർ ഈ ജോലിയുമായി ബന്ധപ്പെട്ട് പെരുമ്പെട്ടി ക്യാമ്പിൽ ജോലി ചെയ്തു വരുന്നു.