
പ്രമാടം : നിയന്ത്രണമില്ലാതെ പായുന്ന ടിപ്പർ ലോറികൾ സ്കൂൾ തുറന്നതോടെ വിദ്യാർത്ഥികൾക്ക് ഭീഷണിയായി. പൂങ്കാവ് - പ്രമാടം- പത്തനംതിട്ട, കോന്നി - പൂങ്കാവ് - ചന്ദനപ്പള്ളി റോഡികളിലാണ് ടിപ്പറുകളുടെ മരണപ്പാച്ചിൽ. സ്‌കൂൾ സമയങ്ങളിൽ ടിപ്പർ ലോറികളുടെ യാത്ര പാടില്ല, ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ മുകൾവശം പടുത ഉപയോഗിച്ച് മൂടണം തുടങ്ങിയ കർശന നിർദ്ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. കഴിഞ്ഞ ർഷം വള്ളിക്കോട് കൊച്ചാലുംമൂട്ടിൽ ടോറസ് ഇടിച്ച് സ്‌കൂൾ വിദ്യാർത്ഥിനി മരിച്ചിരുന്നു. സമാന സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ട്.
മൂടിയില്ലാതെ പായുന്ന ലോറികളിൽ നിന്നും പറക്കുന്ന പാറപ്പൊടി പിന്നലെ
എത്തുന്ന വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. പലപ്പോഴും സ്‌കൂൾ
കുട്ടികൾ ഇത്തരം വാഹനങ്ങൾക്ക് പിന്നാലെ ഉണ്ടാകും. കാറ്റടിച്ച് പറക്കുന്ന പാറപ്പൊടി ഇവർക്കും ഭീഷണിയാണ്. പാറക്കല്ല് കയറ്റിയ വാഹനങ്ങളും ഇത്തരത്തിൽ പായുന്നുണ്ട്. നേരത്തെ പ്രമാടം സ്‌കൂൾ ജംഗ്ഷനിൽ വളവ് തിരിയുന്നതിനിടെ പാറക്കല്ലുകൾ റോഡിൽ വീണ് ഗതാഗത തടസമുണ്ടായിട്ടുണ്ട്.
നിയമം ഇങ്ങനെ
* സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.30 വരെയും വൈകിട്ട് 3 മുതൽ 4.30 വരെയും റോഡ് ടിപ്പറുകൾക്ക് നിയന്ത്രണം.
* ലോഡ് കയറ്റിപ്പോകുന്ന വാഹനങ്ങൾ പടുത ഉപയോഗിച്ച് സാധനം മറയ്ക്കണം.
* സ്കൂളുകൾക്ക് മുന്നിൽ എയർ ഹോൺ മുഴക്കാൻ പാടില്ല,
@ വേഗം നിയന്ത്രണം പാലിക്കണം.
------------------------------------
ടിപ്പർ ലോറികളെ നിയന്ത്രിക്കാൻ നടപടി വേണം. സ്‌കൂളുകളും വിവിധ സർക്കാർ സ്ഥാപനങ്ങളും റോഡുകളുടെ വശങ്ങളിലുണ്ട്. ടിപ്പർ ലോറികളെ പേടിച്ച് റോഡിൽ ഇറങ്ങാൻപോലും ജനങ്ങൾക്ക് ഭയമാണ്.ലോറികളിൽ നിന്ന് പറക്കുന്ന പാറപ്പെടി അലർജി ഉൾപ്പടെയുള്ള രോഗങ്ങൾക്ക് കാരണമായിട്ടുണ്ട്.
നാട്ടുകാർ