
അടൂർ : മഴക്കാലത്തും കുടിവെള്ളത്തിനായി കുടവും ചുമന്ന് നടക്കേണ്ട ഗതികേടിലാണ് പള്ളിക്കൽ പഞ്ചായത്ത് ഇളമ്പള്ളിൽ മൂന്നാംവാർഡിലെ ചെക്കൻ ചിറമല നിവാസികൾ. കിണറില്ലാത്ത 20 കുടുംബങ്ങളാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പമ്പ് ഹൗസിലെ മോട്ടർ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. കിണറിൽ നിന്ന് വെള്ളം പമ്പുചെയ്യുന്ന മോട്ടോർ മാറ്റി സ്ഥാപിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം അധികൃതർ പരിഗണിക്കാത്തത് പ്രതിഷേധത്തിനും കാരണമാകുന്നു. മഴക്കാലത്ത് വെള്ളക്കെട്ടാകുന്ന പ്രദേശം കൂടിയാണിത്. ദൂരെയുള്ള വീടുകളിലെ കിണറുകളിൽ നിന്ന് വെള്ളം തലച്ചുമടായി എത്തിച്ചാണ് പല കുടുംബങ്ങളും ഉപയോഗിക്കുന്നത്. ചെക്കൻചിറ മലയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാനായി നിരവധി തവണ ജനപ്രതിനിധികൾ ഉൾപ്പടെ വാട്ടർ അതോറിട്ടി ഒാഫീസിൽ സമരം ചെയ്‌തിട്ടുണ്ട്. പലപ്പോഴും അറ്റകുറ്റപ്പണികൾ നടത്തി ജലവിതരണം പുനസ്ഥാപിക്കുമെങ്കിലും രണ്ടുദിവസത്തിനുള്ളിൽ മോട്ടോർ വീണ്ടും തകരാറിലാകും. ശാശ്വതമായ പരിഹാരമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
പ്രശ്ന പരിഹാരത്തിന് പുതിയ മോട്ടോർ
ചെക്കൻചിറമല പമ്പുഹൗസിലെ മോട്ടോർ മാറ്റി പുതിയത് സ്ഥാപിക്കുക മാത്രമാണ് ശാശ്വതമായ പ്രശ്ന പരിഹാരം. പുതിയ പമ്പുസെറ്റ് മോട്ടോറിന് രണ്ടു ലക്ഷത്തിലധികം രൂപ ചെലവ് വരും. പദ്ധതിയൊരുക്കി മോട്ടോർ സ്ഥാപിക്കാൻ വാട്ടർ അതോറിട്ടി അധികൃതരും ജനപ്രതിനിധികളും ശ്രമം നടത്താത്തതും പ്രശ്ന പരിഹാരം വൈകാൻ കാരണമാകുന്നു.
കാലാവധി കഴിഞ്ഞ മോട്ടറിന്റെ തകരാർ പതിവായി,
പുതിയ മോട്ടറിന്റെ വില : രണ്ട് ലക്ഷത്തിലധികം രൂപ,
വീടുകളിൽ വെള്ളം എത്തിക്കുന്നത് തലച്ചുമടായി,
20 കുടുംബങ്ങൾ കടുത്ത ദുരിതത്തിൽ.
വാട്ടർ അതോറിറ്റി ഒാഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്‌തിട്ടും നടപടിയൊന്നുമില്ല. ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ പ്രതികരിക്കുന്നുമില്ല.
പ്രമോദ്.ജി
പള്ളിക്കൽ ഗ്രാമപഞ്ചായത്ത് അംഗം