തിരുവല്ല : രണ്ടുമാസത്തിലേറെ തീപാറുന്ന പ്രചാരണം കാഴ്ചവച്ചിട്ടും തിരുവല്ല നിയോജകമണ്ഡലത്തിൽ യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് വോട്ടുകൾ കുറഞ്ഞു. നാലാം വിജയത്തിന്റെ തിളക്കത്തിലും യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിക്കും 951 വോട്ടുകളുടെ കുറവുണ്ടായി. 2014 മുതലുള്ള ഓരോ തിരഞ്ഞെടുപ്പിലും ആന്റോ ആന്റണിക്ക് ലഭിക്കുന്ന വോട്ടുകൾ കുറയുകയാണ്. എന്നാൽ ഇത്തവണ എൽ.ഡി.എഫിന്റെ വോട്ടുകൾ തിരുവല്ല മണ്ഡലത്തിൽ ഗണ്യമായി കുറഞ്ഞതിനാൽ ആന്റോയ്ക്ക് ഭൂരിപക്ഷം കൂട്ടാൻ സഹായിച്ചു. കഴിഞ്ഞ തവണ ലഭിച്ച 3,729 വോട്ടുകളുടെ ഭൂരിപക്ഷം ഇത്തവണ 11,530 ആയി വർദ്ധിച്ചതാണ് അൽപ്പമെങ്കിലും ആശ്വസിക്കാനുള്ളത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ടി.എം. തോമസ് ഐസക്കിന് തിരുവല്ലയിൽ കനത്ത തിരിച്ചടിയുണ്ടായി. കഴിഞ്ഞ തവണ വീണാ ജോർജ്ജിന് ലഭിച്ചതിനേക്കാൾ 8,742 വോട്ടുകളുടെ കുറവാണ് ഉണ്ടായത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മാത്യു ടി. തോമസ് 62,178 വോട്ടുകൾ നേടിയിരുന്നു. മൂന്നുവർഷം മുമ്പ് ലഭിച്ചതിനേക്കാൾ ഇത്തവണ എൽ.ഡി.എഫിന് 20,409 വോട്ടുകളുടെ കുറവുണ്ടായത് എൽ.ഡി.എഫിന് പ്രഹരമായി. കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകൾ പരിശോധിച്ചാൽ ഇത്രയധികം വോട്ട് ചോർച്ച എൽ.ഡി.എഫിന് തിരുവല്ലയിൽ ഉണ്ടായിട്ടില്ല. പോളിംഗ് കഴിഞ്ഞ ശേഷം നടന്ന പാർട്ടിയുടെ വിലയിരുത്തലിലും പാളിച്ചയുണ്ടായി. എൻ.ഡി.എയ്ക്ക് നേതൃത്വം നൽകുന്ന ബി.ജെ.പിയുടെ സ്ഥാനാർത്ഥി അനിൽ കെ. ആന്റണിക്കും വലിയ വോട്ട് ചോർച്ചയുണ്ടായി. കഴിഞ്ഞ തവണ കെ.സുരേന്ദ്രന് ലഭിച്ചതിനേക്കാൾ 8,742 വോട്ടുകളുടെ കുറവുണ്ടായി അനിൽ ആന്റണിക്ക്. മണ്ഡലത്തിൽ ഉടനീളം ആളെക്കൂട്ടി നടത്തുന്ന സ്വീകരണ പരിപാടി എൻ.ഡി.എ ഇത്തവണ നടത്തിയില്ല. ചില മേഖലകളെയും വ്യക്തികളെയും ഉൾപ്പെടുത്തി നടത്തിയ പ്രചാരണ പരിപാടി വേണ്ടത്ര ഫലം കണ്ടില്ലെന്നാണ് ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അശോകൻ കുളനട നേടിയത് 22,674 വോട്ടുകളാണ്. എന്നാൽ അതിനേക്കാൾ വോട്ടുകളേക്കാൾ നേടിയതിൽ എൻ.ഡി.എയ്ക്ക് ആശ്വസിക്കാം.
പാർലമെന്റ്
2014
UDF 55,701
LDF 42,420
NDA 19,526
2019
UDF 54,250
LDF 50,511
NDA 40,186
2024
UDF 53,299
LDF 41,769
NDA 31,444
---------------------
നിയമസഭ
2021
LDF 62,178
UDF 50,757
NDA 22,674