complex
തിരുവല്ല റവന്യു ടവറിന്റെ മൂന്നാംനിലയിൽ കുടുംബ കോടതി

തിരുവല്ല : ജില്ലയിലെ ആദ്യത്തെ കുടുംബകോടതി ഇനിമുതൽ തിരുവല്ല റവന്യു ടവറിൽ പ്രവർത്തിക്കും. രണ്ട് പതിറ്റാണ്ടിലേറെയായി നഗരസഭാ വളപ്പിൽ പ്രവർത്തിക്കുന്ന കുടുംബകോടതി, കെട്ടിടത്തിന്റെ ബലക്ഷയം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാറ്റുന്നത്. റവന്യൂ ടവറിലെ മൂന്നാം നിലയിൽ വടക്കേ അറ്റത്തായി ഇരുവശങ്ങളിലായാണ് കുടുംബകോടതിയും ഓഫീസും റെക്കാഡ് റൂം ഉൾപ്പെടെ 4544 ചതുരശ്ര അടി വിസ്‌തൃതിയിലാണ് പ്രവർത്തിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത്. തിരുവല്ലയിലെ മറ്റുള്ള കോടതികളും ഇതേകെട്ടിടത്തിൽ തന്നെ രണ്ടാം നിലയിലാണ്. അഭിഭാഷകരുടെ ഓഫീസുകൾ വിവിധ നിലകളിലായി പ്രവർത്തിക്കുന്നതിനാൽ കുടുംബകോടതി റവന്യൂ ടവറിലേക്ക് മാറ്റുന്നത് കക്ഷികൾക്ക് ഉൾപ്പെടെ കൂടുതൽ സൗകര്യപ്രദമായി. സർക്കാർ അനുമതി കിട്ടിയതിനെ തുടർന്ന് കോടതിയും ബന്ധപ്പെട്ട ഓഫീസുകളും പ്രവർത്തിക്കുന്നതിന് ആവശ്യമായ നിർമ്മാണ പ്രവർത്തികൾ ബാർ അസോസിയേഷൻ ഏറ്റെടുത്ത് പൂർത്തീകരിക്കുകയായിരുന്നു. ഒരു വർഷം ശരാശരി അഞ്ഞൂറിലധികം കേസുകളാണ് കുടുംബ കോടതിയിൽ പരിഗണിക്കുന്നത്. കുടുംബ കോടതി കൂടി റവന്യു ടവറിൽ എത്തിയതോടെ തിരുവല്ലയിലെ കോടതികളെല്ലാം ഒരു കെട്ടിടത്തിലായി.

ഉദ്ഘാടനം ഇന്ന്


തിരുവല്ല റവന്യൂ ടവറിലെ ബാർ അസോസിയേഷൻ ഹാളിൽ ഇന്ന് വൈകിട്ട് മൂന്നിന് നടക്കുന്ന പൊതുസമ്മേളനം മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.മനോജ് മാത്യു അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രിൻസിപ്പൽ ജഡ്‌ജ്‌ എൻ. ഹരികുമാർ കുടുംബകോടതിയുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കും.

........................

4544 ചതുരശ്ര അടി വിസ്‌തൃതി

..........................

തിരുമൂലപുരത്ത് കോടതി സമുച്ചയത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. കോടതി സമുച്ചയം പൂർത്തിയാകുന്നതോടെ ഈ കോടതികളെല്ലാം അവിടേക്ക് പ്രവർത്തനം മാറ്റും

അഡ്വ.എ. രമേശ്

(ബാർ അസോസിയേഷൻ സെക്രട്ടറി)​