arukalikkal-stadium
ഏഴംകുളം അറുകാലിക്കൽ സ്റ്റേഡിയത്തിൽ മാലിന്യം കെട്ടിക്കിടക്കുന്നു

അടൂർ : ഏഴംകുളം അറുകാലിക്കൽ പഞ്ചായത്ത്‌ സ്റ്റേഡിയത്തിലേയ്ക്ക് സമീപത്തെ സ്വകാര്യ ലോഡ്‌ജ്‌ കെട്ടിടത്തിലെ കക്കൂസ് മാലിന്യം

ഒഴുക്കുന്നതായി പരാതി. മഴക്കാലമായതോടെ മാലിന്യം ഒഴുകി സ്റ്റേഡിയത്തിൽ പല ഭാഗങ്ങളിലായി തളം കെട്ടി നിൽക്കുകയാണ്. പഞ്ചായത്ത് അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. സമീപത്ത് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ലോഡ്‌ജ്‌ കെട്ടിടത്തിൽ കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.ലോഡ്‌ജ്‌ കെട്ടിടത്തിന്റെ പിറകിൽ പല മുറികളിലെയും ടോയ്ലെറ്റിലെ മലിനജലം ഒഴുകിയെത്തി മതിലിനോട് ചേർന്നു വൃത്തിഹീനമായി കിടക്കുന്ന നിലയിലാണ്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മതിയായ ശുചിത്വമില്ലാത്തത് പഞ്ചായത്ത്‌ അധികൃതരുടെ അനാസ്ഥ മൂലമാണെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

കായിക പ്രേമികളും പ്രതിഷേധത്തിൽ

ഉന്നത നിലവാരത്തിൽ സ്റ്റേഡിയം നിർമ്മിക്കുമെന്ന് മാറിവരുന്ന പഞ്ചായത്ത്‌ ഭരണസമിതികൾ വാഗ്‌ദാനം നൽകുന്നന്നതല്ലാതെ നടപടിയൊന്നുമില്ലാത്തതിൽ കായിക പ്രേമികളും പ്രതിഷേധത്തിലാണ്. അടുത്ത പ്രദേശത്ത് കുട്ടികൾക്ക് കളിക്കുവാൻ മറ്റ് സ്റ്റേഡിയങ്ങൾ ഇല്ല. അടിയന്തരമായി നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.

.........................

അടിയന്തരമായി പഞ്ചായത്ത് ഇടപെടും. ഉടനടി മാലിന്യം നീക്കം ചെയ്‌ത്‌ സ്റ്റേഡിയം കുട്ടികൾക്ക് കളിക്കുവാനായി തയാറാക്കും . മാലിന്യ പ്രശ്‌നം പരിശോധിച്ച് നടപടി സ്വീകരിക്കും.

വിനോദ് തുണ്ടത്തിൽ
(ഏഴംകുളം പഞ്ചയാത്ത്

വൈസ് പ്രസിഡന്റ്)​

.............................

അതിരൂക്ഷമായ സാമൂഹിക പ്രശ്‌നമാണ് ഇത്. പഞ്ചായത്ത് ഇടപെട്ട് സ്റ്റേഡിയത്തിലേക്ക് മാലിന്യം ഒഴുകുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കണം.

രതീഷ് കുമാർ .ആർ
(പൊതു പ്രവർത്തകൻ)

....................

പകർച്ചവ്യാധി പിടിപെടാൻ സാദ്ധ്യത ഏറെ