തിരുവല്ല : ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ സ്വർണ്ണധ്വജ നിർമ്മാണത്തിനുള്ള തേക്കുമരം എണ്ണത്തോണിയിൽ തൈലാധിവാസത്തിനിടുന്ന ചടങ്ങുകൾ ഇന്ന് രാവിലെ 9.50നും 10.30നും മദ്ധ്യേ നടക്കും. ക്ഷേത്രത്തിൽ രാവിലെ 5.30ന് ഗണപതി ഹോമത്തോടെ തുടക്കമാകും. 6ന് അധിവാസത്തിങ്കൽ പൂജ, മഹാസുദർശനമൂർത്തിക്ക് കലശപൂജ, കലശാഭിഷേകം എന്നിവ നടക്കും. ശേഷം തന്ത്രി അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ എണ്ണക്കലശാഭിഷേകവും എണ്ണക്കലശപൂജയും തൈലാധിവാസവും നടക്കും. എണ്ണത്തോണിയിലേക്കുള്ള ആദ്യ എണ്ണ സമർപ്പണം ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശാന്ത് നിർവഹിക്കും. അംഗങ്ങളായ ജി.സുന്ദരേശൻ, അഡ്വ.എ.അജികുമാർ, ബോർഡ് മുൻപ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് എം.എം.മോഹനൻ നായർ, സെക്രട്ടറി ബി.ജെ.സനിൽകുമാർ എന്നിവർ പങ്കെടുക്കും.