ചെങ്ങന്നൂർ: ചെങ്ങന്നൂർ സമ്പൂർണ കുടിവെള്ള പദ്ധതിയുടെ മൂന്നാംഘട്ടത്തിന് മന്ത്രിസഭ അനുമതി നൽകി. 199.13കോടി രൂപ ചെലവിലുള്ള പദ്ധതിയിലൂടെ 1.24 ലക്ഷം ആളുകൾക്ക് കുടിവെള്ളം ലഭിക്കും.
ചെങ്ങന്നൂർ നഗരസഭ , മുളക്കുഴ ആലാ, പുലിയൂർ, ബുധനൂർ, പാണ്ടനാട്, ചെറിയനാട്, വെൺമണി പഞ്ചായത്തുകൾക്കാണ് 169.96 കിലോമീറ്റർ വരുന്ന കിഫ്ബി ജലവിതരണ പദ്ധതിയുടെ പ്രയോജനം. വെൺമണി പഞ്ചായത്തിനായി പാറച്ചന്തയിൽ 10 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ഉപരിതല ജലസംഭരണി, മുളക്കുഴ പഞ്ചായത്തിനായി കളരിത്തറയിൽ 6.5 ലക്ഷം ലിറ്റർശേഷിയുള്ള ഉപരിതല ജലസംഭരണി, രണ്ടു ലക്ഷം ലിറ്റർ ജലസംഭരണി, പ്രധാന ജല വിതരണ പൈപ്പ് സ്ഥാപിക്കൽ റോഡ് പുനരുദ്ധാരണ നിരക്ക് എന്നിവ അടങ്ങിയതാണ് പദ്ധതിയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
ഒന്നാംഘട്ടത്തിൽ പമ്പാനദിക്ക് സമീപം അങ്ങാടിക്കൽ കോലാമുക്കത്ത് ട്രാൻസ്‌ഫോർമർ റൂമിന്റെ നിർമ്മാണം, 3.08 കിലോമീറ്റർ വാട്ടർ പമ്പിംഗ് മെയിൻ, നികിരുംപുറം ജലശുദ്ധീകരണശാലയിൽ 14 ദശലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണിയുടെയും 14.6 ദശലക്ഷം ലിറ്റർശേഷിയുള്ള ഭൂതല സംഭരണിയുടെ നിർമ്മാണം എന്നിവ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ ചെങ്ങന്നൂർ നഗരസഭയ്ക്കായി അങ്ങാടിക്കൽ മലയിൽ സ്ഥാപിക്കുന്ന 15 ലക്ഷം ലിറ്ററിന്റെ ഉന്നതലജല സംഭരണിയും 32 കിലോമീറ്റർ പൈപ്പ് ലൈനും പൂർത്തീകരിച്ചു . മലയിൽ നിർമ്മിക്കുന്ന ഉന്നതതല ജലസംഭരണിയുടെ രണ്ടാമത്തെ ബ്രേസ് ബീംകോൺക്രീറ്റ് പൂർത്തീകരിച്ചു. തുടർ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
199.13കോടിയുടെ പദ്ധതി