മല്ലപ്പള്ളി : കഴിഞ്ഞ പ്രളയത്തിൽ പടുതോട് പമ്പ് ഹൗസിന് സമീപം അടിഞ്ഞുകൂടിയ മാലിന്യം ഇനിയും നീക്കംചെയ്തില്ല. പുറമറ്റം, എഴുമറ്റൂർ പഞ്ചായത്തുകളിലേക്ക് ജലവിതരണം നടത്തുന്ന മണിമലയാറ്റിലെ പമ്പ് ഹൗസിന് സമീപമാണ് മാലിന്യം . പ്രളയത്തിൽ നദീതീരത്ത് നിന്ന് കടപുഴകി വീണ മുളങ്കൂട്ടത്തിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പടെയുണ്ട്. പാലത്തിൽ അടിഞ്ഞുകൂടിയ മാലിന്യം ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ മാറ്റിയെങ്കിലും പമ്പ് ഹൗസിന്റെ സമീപത്തെ മാലിന്യം നീക്കംചെയ്തില്ല. പുറമറ്റം പഞ്ചായത്തിലെ കാവുങ്കൽ, ചീനിക്കാല, പന്ത്രണ്ടുപറ, ബ്ലോക്കുമല, പിച്ചാത്തി കല്ലുങ്കൽ എന്നിവിടങ്ങളിലും എഴുമറ്റൂർ പഞ്ചായത്തിലെ കാരമല, കൂലിപ്പാറ, വട്ടരി, മലേക്കീഴ്, വേങ്ങഴ തുടങ്ങിയ പ്രദേശങ്ങളിലുള്ളവരിൽ ഭൂരിഭാഗവും ഇവിടെ നിന്നെത്തുന്ന ജലത്തെയാണ് ആശ്രയിക്കുന്നത്. വർഷങ്ങളായി മാലിന്യം കെട്ടിനിൽക്കുന്നതിനാൽ ജലജന്യരോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്. മഴ കനത്തതോടെ വരും ദിവസങ്ങളിൽ മാലിന്യം കൂടുതലായി അടിഞ്ഞ് ചെളികയറി മൺപുറ്റ് രൂപപ്പെട്ട് മുളങ്കൂട്ടങ്ങൾ കിളിച്ചാൽ ഇവിടം കരയായി മാറാനും സാദ്ധ്യതയേറെയാണ്. അങ്ങനെ സംഭവിച്ചാൽ ആറ്റിലെ കിണറ്റിലേക്ക് വെള്ളം ലഭിക്കില്ല. . മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
-------------------
കഴിഞ്ഞ രണ്ടു വർഷമായി പടുതോട് പമ്പ് ഹൗസിന് സമീപം കൂടിക്കിടക്കുന്ന മുളങ്കൂട്ടം നീക്കം ചെയ്യുന്നതിന് ജനപ്രധിനിധികൾ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടതായാണ് പറയുന്നത്. പക്ഷേ നടപടി ഉണ്ടായില്ല.
സന്തോഷ്
അക്കരെക്കാട്ടിൽ വീട്
പടുതോട്.