ചെങ്ങന്നൂർ: സിവിൽ സർവീസ് അക്കാദമിയുടെ കെട്ടിട നിർമ്മാണം ആരംഭിച്ചിട്ട് പത്തു വർഷം പിന്നിട്ടിട്ടും നിർമ്മാണം പൂർത്തിയായില്ല. ചെങ്ങന്നൂർ ആഞ്ഞിലിമൂട്ടിൽ ആരംഭിച്ച സിവിൽ സർവീസ് അക്കാദമിയുടെ കെട്ടിടമാണ് ഒച്ചിഴയും വേഗത്തിൽ നീങ്ങുന്നത്. ഏറ്റവും പുതിയ ടെക്നോളജികൾ ആരംഭിക്കാൻ വേണ്ടിയാണ് പുതിയ കെട്ടിടം പണി ആരംഭിച്ചത്. എന്നാൽ പദ്ധതി പൂർത്തിയാകാത്തതിനാൽ വിദ്യാർത്ഥികൾ നിരാശയിലാണ്. ഇപ്പോഴും സ്‌കൂളിന്റെ ക്ലാസ്റൂം തന്നെയാണ് അക്കാദമിക്കായി ഉപയോഗിച്ചുവരുന്നത്. 2014 ജൂലായ് 31ന് ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക്' ഹയർ സെക്കൻഡറി സ്‌കൂൾ വളപ്പിൽ 25സെന്റ് സ്ഥലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് തറക്കല്ലിട്ടത്. കെട്ടിട നിർമ്മാണച്ചുമതല ഹാബിറ്റാറ്റ് എന്ന കമ്പനിയ്ക്കായിരുന്നു. അന്നുമുതൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നും അനന്തമായി നീളുകയാണ്. ഐ.എ.എസ് സ്വ‌പ്നം കണ്ട് ഓരോ വർഷവും ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള എട്ടു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പരിശീലനത്തിനായി ഇവിടെ എത്തുന്നുണ്ട്. എന്നാൽ ഒരു ആധുനിക സംവിധാനങ്ങളും ഇല്ലാതെ നിരാശയോടെയാണ് ഓരോ ബാച്ചിലെ കുട്ടികളും ഇവിടെ നിന്നും ഇറങ്ങുന്നത്.

മോഷണം വ്യാപകം


ആഞ്ഞിലിമൂട്ടിൽ നിർമ്മാണത്തിലിരിക്കുന്ന സിവിൽ സർവീസ് അക്കാദമിയുടെ കെട്ടിടത്തിന് സുരക്ഷയില്ല. സെക്യൂരിറ്റി സംവിധാനത്തിന്റെ അഭാവം കാരണം കഴിഞ്ഞ ആഴ്‌ച വീണ്ടും ഇവിടെ മോഷണം നടന്നു. കെട്ടിടത്തിൽ നിന്നും മൂന്ന് എസികളും ഫാനുകളും ആംബ്ലിഫയറുമാണ് മോഷണം പോയത്. കെട്ടിടത്തിൽ ഘടിപ്പിക്കാൻ വച്ചിരുന്നതായിരുന്നു ഇവ. ചെങ്ങന്നൂർ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെയും പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. ആറുമാസം മുമ്പും കെട്ടിടത്തിൽ മോഷണം നടന്നിരുന്നു. രാത്രികാലങ്ങളിൽ കെട്ടിടത്തിലും പരിസരത്തും സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണ്.

...........................

തുറസായി കിടക്കുന്ന കെട്ടിടം മഴയും വെയിലും ഏറ്റ് വർഷങ്ങളായി കിടക്കുകയാണ്. ഇപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഹാബിറ്റാറ്റും ഉത്തരവാദിത്തപ്പെട്ട സർക്കാർ ഉദ്യോഗസ്ഥരും സിവിൽ സർവീസ് അക്കാദമിയുടെ കെട്ടിട നിർമ്മാണത്തിൽ അലംഭാവം തുടരുകയാണ്.

(നാട്ടുകാർ)

........................

6 മാസത്തിനിടയിൽ 2തവണ മോഷണം

കെട്ടിട നിർമ്മാണം തുടങ്ങിയിട്ട 10 വർഷം

......................

അക്കാദമിക്കായി ഉപയോഗിക്കുന്നത് സ്കൂളിന്റെ ക്ലാസ് റൂം