തിരുവനന്തപുരം: ഭീഷണിപ്പെടുത്തി പണം തട്ടാനും വ്യാജവാർത്തകൾ നൽകി വിശ്വാസികൾക്കിടയിൽ കലാപം ഉണ്ടാക്കാനും ശ്രമിച്ചുവെന്ന ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ചിന്റെ പരാതിയെ തുടർന്ന് ഒളിവിൽ പോയ ഐ.ടു.ഐ യൂ ട്യൂബ് ചാനൽ ഉടമയെയെും ജീവനക്കാരനെയും കണ്ടെത്താൻ പൊലീസ് അന്വേഷണം ഉൗർജിതമാക്കി. ചാനൽ ഉടമ സുനിൽ മാത്യു, മാർക്കറ്റിംഗ് മാനേജർ രാജേഷ് ബാബു എന്നിവർക്കെതിരെ മ്യൂസിയം പൊലീസാണ് കേസെടുത്തത്. പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായാണ് സൂചന. വെള്ളയമ്പലം, ശാസ്തമംഗലം ഭാഗങ്ങളിലെ പ്രതികളുടെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. വീടിനുള്ളിലെ മുറിയാണ് ചാനൽ ഒാഫീസായി പ്രവർത്തിക്കുന്നത്. ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് തിരുവനന്തപുരം ഭദ്രാസനാദ്ധ്യക്ഷൻ മാത്യൂസ് മാർ സിൽവാനിയോസിന്റെ പരാതിയിലാണ് കേസെടുത്തത്. ബിലീവേഴ്‌സ് ചർച്ച് പരമാദ്ധ്യക്ഷൻ മാർ അത്താനാസിയോസ് യോഹാൻ പ്രഥമന്റേത് അപകട മരണമല്ലെന്നും കൊലപ്പെടുത്തിയതാണെന്നും പറഞ്ഞ് നൽകിയ വ്യാജവാർത്ത വിശ്വാസികൾക്കിടയിൽ കലാപം ലക്ഷ്യമിട്ടുള്ളതാണെന്ന് പരാതിയിൽ പറയുന്നു. പരസ്യം നൽകിയില്ലെങ്കിൽ ഇത്തരം വാർത്തകൾ തുടരുമെന്നും ഭീഷണിപ്പെടുത്തി. നേരത്തേയും ഇതേ രീതിയിൽ പണം തട്ടാൻ ശ്രമിച്ചിരുന്നു. അന്ന് സഭ വഴങ്ങിയിരുന്നില്ല. പ്രതികൾക്കെതിര ശക്തമായ നടപടി വേണമെന്ന് ബിലീവേഴ്സ് ഇൗസ്റ്റേൺ ചർച്ച് ആവശ്യപ്പെട്ടു. പരമാദ്ധ്യക്ഷന്റെ മരണം മുതലെടുത്ത് പണം തട്ടാനും വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്താനുമുള്ള നീക്കമായിരുന്നു നടന്നത്. അപകീർത്തികരമായ പരാമർശം നടത്തിയതിന് കോടതി നടപടികളുമായി സഭ മുന്നാേട്ടുപോകും. മാർ അത്താനാസിയോസ് യോഹാൻ ലോകമെങ്ങുമുള്ള വിശ്വാസികൾ ആദരിച്ചിരുന്ന ബിഷപ്പാണ്. നിരാലംബരായ അനവധിയാളുകളുകൾക്ക് ആശ്രയമാണ് ബിലീവേഴ്സ് ഇൗസ്റ്റൺ ചർച്ച്. സഭയിൽ ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വ്യാജവാർത്തയെന്ന് മാത്യൂസ് മാർ സിൽവാനിയോസ് പറഞ്ഞു.