
അടൂർ : കടമ്പനാട് പഞ്ചായത്ത് എട്ടാം വാർഡിൽ മണ്ണടി കന്നിമല - പള്ളീനഴികത്തുപ്പടി റോഡിലെ പ്ലാവിളപടിയിൽ പൈപ്പുലൈനിലെ തകർച്ച പരിഹരിക്കാൻ വാട്ടർ അതോറിട്ടി എടുത്ത കുഴി മൂടിയില്ല. വെള്ളം നിറഞ്ഞ കുഴി നാടിന് ഭീഷണിയുമായി. മാസങ്ങൾക്ക് മുമ്പാണ് വീതി കുറഞ്ഞ റോഡിന്റെ അരികിലായി കുഴിയെടുത്തത്. ഇതോടെ റോഡിലൂടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമായി. പ്രദേശത്തേക്ക് സ്‌കൂൾ ബസുകൾക്ക് ഉൾപ്പെടെ കടന്നുവരാൻ കഴിയുന്നില്ല. മഴക്കാലമായതോടെ വഴിയരുകിലെ വെള്ളം നിറഞ്ഞ കുഴി നടന്നുപോകുന്ന കുട്ടികൾക്ക് ഉൾപ്പെടെ ഭീഷണിയാണ്. നാട്ടുകാർ വാട്ടർ അതോറിട്ടിയിൽ പരാതി പറഞ്ഞിട്ടും നടപടി ഉണ്ടായില്ല. യഥാസമയം പണി നടത്തിയിരുന്നുവെങ്കിൽ പൈപ്പിലെ തകർച്ച പരിഹരിക്കാൻ കഴിയുമായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. അധികൃതർ വരുത്തിയ കാലതാമസമാണ് കുഴിയിൽ വെള്ളം നിറയാൻ കാരണം.
മഴ തടസമായെന്ന്
മഴക്കാലമായതോടെ കുഴിയിൽ വെള്ളം നിറഞ്ഞതിനാൽ പൈപ്പിലെ തകർച്ച പരിഹരിക്കാൻ കഴിയാത്തതാണ് കുഴി മൂടാൻ വൈകുന്നതിന് കാരണമായി വാട്ടർ അതോറിട്ടി അധികൃതർ നിരത്തുന്നത്. എന്നാൽ പൈപ്പുപൊട്ടി കുടിവെള്ളം മുടങ്ങിയശേഷം നിരവധി തവണ പരാതി നൽകിയപ്പോൾ ആണ് വാട്ടർ അതോറിട്ടിയിൽ നിന്ന് ജീവനക്കാർ എത്തിയത്. ഇവർ പൈപ്പ് നന്നാക്കാനായി ആഴത്തിൽ കുഴി എടുത്ത ശേഷം തകർച്ച പരിഹരിക്കാതെ മടങ്ങുകയായിരുന്നു.
കുടിവെള്ളം മുടങ്ങിയിട്ട് മാസങ്ങൾ, രാത്രിയാത്രക്കാരും കുട്ടികളും
കുഴിയിൽ വീണ് അപകടത്തിൽപ്പെടാൻ സാദ്ധ്യത
വാട്ടർ അതോറിറ്റിയിൽ നിരവധി തവണ പരാതിപ്പെട്ടങ്കിലും ഉടൻ ശരിയാക്കാം എന്ന മറുപടി മാത്രമാണുള്ളത്. ഇനിയും വൈകിയാൽ സമര പരിപാടികളുമായി മുന്നോട്ട് പോകും.
സിന്ധു.എസ്, വാർഡ് മെമ്പർ
സ്‌കൂൾ കുട്ടികൾ അടക്കം ധാരാളം പേർ യാത്ര ചെയ്യുന്ന റോഡാണിത്. പൈപ്പിലെ തകർച്ച പരിഹരിച്ച ശേഷം കുഴി മൂടി റോഡ് ഗതാഗത യോഗ്യമാക്കണം.
അഡ്വ. മണ്ണടി മോഹൻ
എസ്.എൻ.ഡി.പിയോഗം അടൂർ യൂണിയൻ കൺവീനർ