കോന്നി: വനംവകുപ്പ്, സി.ഐ.ടി.യു തർക്കത്തെ തുടർന്ന് അടവി ഇക്കോടൂറിസം സെന്റർ അടച്ചിടാനുള്ള തീരുമാനം മാറ്റി. അടവി കുട്ടവഞ്ചി സവാരിയും പെരുവാലിയിലെ ട്രീ ടോപ്പ് ബാംബൂ ഹട്ടും ആരണ്യകം ഇക്കോ കഫയും ഇന്നലെ പ്രവർത്തിച്ചു. കുട്ടവഞ്ചി സവാരികേന്ദ്രത്തിന്റെ പ്രവേശന കവാടത്തിൽ സി.ഐ.ടി.യു പ്രവർത്തകർ സ്ഥാപിച്ച കൊടിമരത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്റെ ആവശ്യപ്രകരമാണ് ടൂറിസം സെന്റർ അടച്ചിടാൻ കോന്നി ഡി.എഫ്.ഒ ആയുഷ് കുമാർ കോറി വെള്ളിയാഴ്ച നിർദ്ദേശം നൽകിയത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം മാറ്റിയത്. ഇന്നലെ രാവിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ 25 തുഴച്ചിൽക്കാരും ജോലിക്ക് എത്തിയിരുന്നു കൊടിമരം നീക്കംചെയ്ത ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരെ സി,.പി.എം പ്രാദേശിക നേതാവ് പരസ്യമായി ഭീഷണി മുഴക്കിയതിനെ തുടർന്നാണ് കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധവുമായി എത്തിയത്. സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴാണ് സി.പി.എം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ ഭീഷണി മുഴക്കിയത് . വനപാലകരെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിൽ അവിടെ ജോലിചെയ്യാൻ കഴിയാത്ത അവസ്ഥയാണെന്നും ജീവനക്കാർക്ക് പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. വിഷയം ജില്ലാപൊലീസ് മേധാവിയെ അറിയിച്ചിട്ടുണ്ടെന്ന് കോന്നി ഡി എഫ് ഒ പറഞ്ഞു.