photo
കണ്ണാട്ടുകുഴിക്ക് സമീപം മാലിന്യം നിറഞ്ഞ പെരിങ്ങര തോട്

തിരുവല്ല: ഒഴുകിയെത്തിയ മാലിന്യങ്ങൾ പെരിങ്ങര തോട്ടിൽ കുമിഞ്ഞുകൂടി. കാക്കപ്പോളയും മാലിന്യങ്ങളും കെട്ടിക്കിടന്ന് അഴുകിയതോടെ വെള്ളം കറുത്തുകുറുകിയ നിലയിലാണ്. ഉപയോഗശൂന്യമായ തോട്ടിലെ വെള്ളത്തിന് രൂക്ഷമായ ദുർഗന്ധവുമുണ്ട്. മഴക്കാലം തുടങ്ങിയപ്പോൾ വെള്ളപ്പൊക്കത്തിൽ ഒഴികെയെത്തിയ മാലിന്യങ്ങളാണ് തോടിന്റെ പലഭാഗങ്ങളിലായി കെട്ടിക്കിടക്കുന്നത്. ജലനിരപ്പ് താഴ്ന്നതോടെ ഒഴുക്ക് നിലച്ചതിനാൽ പലയിടത്തും മാലിന്യങ്ങൾ കുമിഞ്ഞുകൂടി. പ്രദേശത്താകെ രൂക്ഷഗന്ധത്തിനൊപ്പം കൊതുക് ശല്യവും രൂക്ഷമാണ്. മണിപ്പുഴ, കാവുംഭാഗം, മഠത്തിലേട്ട്, പെരുമ്പറ, കൃഷ്ണപാദം, തുമ്പേമാലി ഉൾപ്പെടെയുള്ള നിരവധി പാലങ്ങളും തോടിന് കുറുകെയുണ്ട്. ഈഭാഗങ്ങളിലെല്ലാം ഒഴുക്ക് തടസപ്പെട്ട് മാലിന്യങ്ങൾ നിറഞ്ഞു.

പ്രധാന ജലസ്രോതസ് , കൃഷിയെ ബാധിക്കും

അപ്പർകുട്ടനാട്ടിൽ ഏറെ നെൽകൃഷി നടക്കുന്ന പെരിങ്ങര പഞ്ചായത്തിലെ പാടശേഖരങ്ങളിലേക്ക് വെള്ളം എത്തുന്ന പ്രധാന ജലസ്രോതസായ പെരിങ്ങര തോട് മാലിന്യം നിറഞ്ഞു കിടക്കുന്നത് കൃഷിയെയും ദോഷകരമായി ബാധിക്കും. ഒഴുക്ക് നിലച്ചതോടെ പാടങ്ങളിലേക്ക് വെള്ളം എത്തിക്കേണ്ട കൈത്തോടുകളും നാശത്തിലേക്ക് നീങ്ങുകയാണ്. കുളിക്കാനും മറ്റ് ഗാർഹിക ആവശ്യങ്ങൾക്കുമെല്ലാം മുമ്പ് പ്രദേശവാസികൾ ആശ്രയിച്ചിരുന്ന തോടാണിത്. എന്നാൽ ജലാശയത്തിൽ മാലിന്യങ്ങൾ നിറഞ്ഞതോടെ ഉപയോഗിക്കാനാകുന്നില്ല.

വർഷാവർഷം മാലിന്യം നീക്കം ചെയ്യുന്നില്ല

വർഷംതോറും പോളയും പായലും മാലിന്യങ്ങളും നീക്കംചെയ്ത് ആഴംകൂട്ടി തോട് തെളിക്കാത്തത് മാലിന്യങ്ങൾ നിറയാൻ കാരണമാകുന്നു. വെള്ളപ്പൊക്കത്തിൽ മീൻ പിടിക്കാനായി സ്ഥാപിച്ച പെരുംകൂടുകൾ തോടിന്റെ പലഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതും സുഗമമായ നീരൊഴുക്കിനെ തടസപ്പെടുത്തുന്നു. അടുത്തിടെ ഇത്തരത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കുറെ കൂടുകളും വലകളും ഫിഷറീസ് അധികൃതർ സ്ഥലത്തെത്തി നശിപ്പിച്ചിരുന്നു. എന്നാൽ ഇനിയും നീക്കാത്തവ തോടുകളിൽ വ്യാപകമാണ്. ആറ്റുതീരങ്ങളിലെ മുളക്കൂട്ടങ്ങളും തോട്ടിലേക്ക് വീണ് കിടക്കുന്നതിനാൽ വള്ളത്തിൽ പോലും തോട്ടിലൂടെ പോകാനാകില്ല.

...................................................

പെരിങ്ങര തോട്ടിൽ മാലിന്യങ്ങൾ നിറഞ്ഞതിനാൽ ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാണ്. തോട് ശുചീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണം
രാധാകൃഷ്ണപ്പണിക്കർ
(സമീപവാസി)

....................

1. ഒഴുക്ക് നിലച്ചു, മാലിന്യം കുമിഞ്ഞുകൂടി

2. കൂത്താടികൾ പെരുകി, ദുർഗന്ധം രൂക്ഷം