lab

പത്തനംതിട്ട : ജില്ലയുടെ ആഹാരാരോഗ്യത്തി​ന് കാവലാകാൻ അത്യാധുനി​ക ഭക്ഷ്യസുരക്ഷാ പരിശോധനാ ലാബോറട്ടറി ഒരുങ്ങുന്നു. പത്തനംതിട്ട അണ്ണായിപ്പാറയിൽ കഴിഞ്ഞ നവംബറിലാണ് ലാബിന്റെ നിർമാണം ആരംഭിച്ചത്. 3.1 കോടി രൂപ ചെലവിൽ മൂന്നുനിലകളിലായി​ ലാബ് കെട്ടിടം നി​ർമ്മി​ക്കും. ഒരു കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. രണ്ടും മൂന്നും ഘട്ടങ്ങളിലേക്കായി ഓരോ കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡവലപ്‌മെന്റാണ് (സി.എഫ്.ആർ.ഡി.സി) പണം അനുവദിച്ചിട്ടുള്ളത്.

ഒന്നാംനിലയിൽ ഓഫീസ്, രണ്ടാം നിലയിൽ ലാബ്

1. കെട്ടിടത്തിന്റെ ഒന്നാംനിലയിൽ ഓഫീസും

രണ്ടാംനിലയിൽ ലാബുമാണ് പ്രവർത്തിക്കുക.

2. വെള്ളം, ഭക്ഷണപദാർത്ഥങ്ങൾ എന്നിവ പരിശോധിക്കാം.

3. ഒന്നാംനിലയിൽ ഓഫീസ് കൂടാതെ മൈക്രോ ബയോളജി ലാബ്,

സ്റ്റോർ, ബാത് റൂം എന്നിവയും ഉണ്ടാകും.

4.മൂന്നാം നിലയിൽ വിശദ പരിശോധനകൾക്കുള്ള

അത്യാധുനിക ഉപകരണങ്ങൾ സ്ഥാപിക്കും.

5.വിവിധ സൂക്ഷ്മാണു പരിശോധനകൾ, കീടനാശിനി പരിശോധനകൾ എന്നിവ നടത്താൻ മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ടി വരില്ല.

തസ്തിക ആയിട്ടില്ല

ടെക്നിക്കൽ അസിസ്റ്റന്റ്, റിസർച്ച് ഓഫീസർ , ഓഫീസ് അറ്റൻഡർ എന്നിങ്ങനെ മൂന്ന് തസ്തികകളിൽ ഒരാൾ വീതമാണ് നിലവിലെ ലാബിലുള്ളത്. പുതിയ ലാബിലേക്കുള്ള നിയമനം നടന്നിട്ടില്ല.

പരാതി​കളേറെ, പരി​ഹാരം അകലെ

ജി​ല്ലയിൽ ഭക്ഷ്യസുരക്ഷാ പരിശോധനാലാബ് ഉണ്ടെങ്കിലും സംവിധാനങ്ങൾ കുറവാണ്. ഭക്ഷണങ്ങളുടെ ഗുണമേന്മ ഉൾപ്പെടെ നിരവധി പരാതികൾ ഉണ്ടെങ്കിലും പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മതിയായ സൗകര്യങ്ങളില്ല. ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷാവകുപ്പും ഭക്ഷണസാധനങ്ങൾ തിരുവനന്തപുരത്തെ ലാബിലയച്ചാണ് പരിശോധിക്കുന്നത്. പത്തനംതിട്ട മാർക്കറ്റ് റോഡിനു സമീപമുള്ള പഴയ ലാബിൽ കുടിവെള്ള പരിശോധനയ്ക്കുള്ള സൗകര്യം മാത്രമാണുള്ളത്. ജില്ലയിൽ നിന്ന് മാസം കുറഞ്ഞത് 40 സാമ്പിളുകളെങ്കിലും പരിശോധനയ്ക്കായി അയയ്ക്കുന്നുണ്ട്. ഒരുമാസം വൈകിയാണ് പരിശോധനാഫലം ലഭിക്കുക.

ജില്ലയിൽ ഭക്ഷ്യസുരക്ഷാ

ലാബ് ആരംഭിച്ച വർഷം : 1998

പുതിയ ലാബിന്റെ നിർമ്മാണം വേഗത്തിലാണ് പുരോഗമിക്കുന്നത്. ഉടൻ ഉദ്ഘാടനം നടത്താനുള്ള ശ്രമത്തിലാണ്.

ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ