പത്തനംതിട്ട : മൈലപ്രയിൽ കഴിഞ്ഞ ഡിസംബറിൽ വ്യാപാരിയായ ജോർജ് ഉണ്ണൂണ്ണി കൊല്ലപ്പെട്ട കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവായി. ജില്ലാ കോടതിയിലെ അഡ്വ.നവിൻ എം. ഈശോയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിതനായത്. കൊല്ലപ്പെട്ട ജോർജ് ഉണ്ണൂണ്ണിയുടെ വീട്ടുകാർ നൽകിയ അപേക്ഷയെ തുടർന്നാണ് നിയമനം. മൈലപ്രയിലെ പുതുവേലിൽ കടയിൽ അതിക്രമിച്ചു കയറിയ അഞ്ചംഗസംഘം കട നടത്തിവന്ന വൃദ്ധനെ ക്രൂരമായി കൊലപ്പെടുത്തി സ്വർണവും പണവും കവർന്നശേഷം രക്ഷപ്പെടുകയായിരുന്നു. കേസിലെ അഞ്ച് പ്രതികളെയും ഒരാഴ്ചക്കുള്ളിൽ തന്നെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് വളരെ വേഗം അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. കവർച്ച ചെയ്‌തെടുത്ത സ്വർണം വിൽക്കാൻ സഹായിച്ച നാലാം പ്രതി നിയാസ് അമാന് കോടതി ജാമ്യം നൽകിയിരുന്നു. ഒന്നുമുതൽ നാലു വരെ പ്രതികൾ ഇപ്പോഴും ജയിലിലാണ്.