padam

പത്തനംതിട്ട : കടുത്തവേനലും ഉഷ്ണതരംഗവും കടന്ന് ആശ്വാസമായി വേനൽമഴ തിമിർത്തുപെയ്തൊഴിഞ്ഞപ്പോൾ ജില്ലയിൽ കർഷകരുടെ കാര്യം കഷ്ടത്തിലായി. വേനലിലും മഴയിലും വ്യാപക കൃഷി നാശമാണ് ഉണ്ടായത്. ഓണം വിപണി ലക്ഷ്യമാക്കി ചെയ്ത കൃഷികളിൽ ഭൂരിഭാഗവും കടുത്ത വേനലിൽ കരിഞ്ഞുപോയി. ശേഷിച്ചവ മഴക്കെടുതിയിലും നശിച്ചു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരും വായ്പ ലഭ്യമാക്കി കൃഷി ഇറക്കിയവരും പ്രതിസന്ധിയിലാണ്.

കരിഞ്ഞുണങ്ങിയത് : 85 ലക്ഷം

ഏപ്രിലിലെ കനത്ത ചൂടിലും ഉഷ്ണതരംഗത്തിലും 839 ഹെക്ടറിലായി 85 ലക്ഷം രൂപയുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. 757 കർഷകരുടെ കൃഷി കരിഞ്ഞുനശിച്ചു. 42,000 വാഴകൾ നിലംപൊത്തി. നെല്ല്, ജാതി, പച്ചക്കറി, തെങ്ങിൻത്തൈകൾ, റബർത്തൈകൾ, കുരുമുളക് എന്നിവയും നശിച്ചു. അടൂർ, കോന്നി താലൂക്കുകളിലായി ഏത്തവാഴ കർഷകർക്ക് വലിയ നഷ്ടം ഉണ്ടായി.

അപ്പർകുട്ടനാട്ടിലാണ് നെൽ കർഷകർക്ക് വലിയ നഷ്ടം. ഒരേക്കർ പാടശേഖരത്തിൽ നിന്ന് 25 മുതൽ 33 ക്വിന്റൽ വരെ നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത് ഏപ്രിലിൽ 15 ക്വിന്റലാണ് ലഭിച്ചത്. അപ്പർകുട്ടനാട്ടിൽ 1800 കർഷകർ 4500 ഏക്കറിലാണ് നെൽകൃഷി ചെയ്യുന്നത്.

മഴയെടുത്തത് : 2.04 കോടി

വേനൽമഴ കനത്തപ്പോൾ 2.04 കോടി രൂപയുടെ കൃഷി നാശം ജില്ലയിലുണ്ടായി. 1485 കർഷകർകരുടെ 74 ഹെക്ടർ കൃഷിയാണ് മഴയിൽ നശിച്ചത്. പച്ചക്കറി ഉൾപ്പെടെയുള്ള വിളകളെയാണ് മഴ ഏറെ ബാധിച്ചത്. അടൂർ, പന്തളം, തിരുവല്ല ബ്ലോക്കുകളിലാണ് കൂടുതൽ നഷ്ടം. നെല്ലിന്റെ വിളവെടുപ്പ് കഴിഞ്ഞതിനാൽ ഏറെ നഷ്ടം പച്ചക്കറി കർഷകർക്കാണ്. വാഴ, പയർ, വെണ്ടയ്ക്ക, കോവയ്ക്ക, വഴുതനങ്ങ തുടങ്ങിയ കൃഷിയാണ് നശിച്ചുപോയത്.

വേനലിൽ കുറച്ച് വാഴകൾ വീണുപോയി. മഴയിലും നഷ്ടമുണ്ട്. വിളയാത്ത വാഴക്കുലകൾ വിൽക്കാൻ പറ്റില്ല. ഉപയോഗിക്കാനും കൊള്ളില്ല. ഇൻഷുറൻസ് ഇല്ലാത്ത കർഷകർക്ക് നഷ്ടപരിഹാരവും ലഭിക്കില്ല. ഇങ്ങനെ പോയാൽ കർഷകർ വലിയ കടക്കെണിയിൽ അകപ്പെടും.

സി.ആർ.പുരുഷോത്തമൻ,

കർഷകൻ

കഴിഞ്ഞ വർഷത്തേക്കാൾ മുപ്പത് ശതമാനം അധികം കൃഷി നശിച്ചിട്ടുണ്ട്. വിളകൾ നാമ്പിട്ട് പൂവാകുന്ന കാലയളവിലാണ് കാലാവസ്ഥാ വ്യതിയാനം സംഭവിക്കുന്നത്. കുറച്ചേറെ വിളകൾ കരിഞ്ഞുപോയിരുന്നു. മഴയിലും നഷ്ടമുണ്ട്. വരൾച്ചയിൽ ഇത്രയധികം നഷ്ടം ആദ്യമാണ്.

മേരി അലക്സ്, അസി.കൃഷി ഓഫീസർ

മുൻവർഷങ്ങളേക്കാൾ കാർഷിക മേഖലയ്ക്ക്

30 ശതമാനം അധികനഷ്ടം