water
കോഴഞ്ചേരിയിൽ റോഡിലെ വെള്ളക്കെട്ട്

കോഴഞ്ചേരി : കോഴഞ്ചേരി സി.കേശവൻ സ്ക്വറിന് സമീപമുള്ള റോഡിൽ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. ബസ് സ്റ്റോപ്പ് ഒഴികെ ചുറ്റുമുള്ള ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. വെള്ളം ഒഴുകി പോകാൻ ഓട സൗകര്യം ഇല്ലാത്തതാണ് കാരണം. വെള്ളം താഴുമ്പോൾ നിറയെ പായലാണ്. ചെളി അടിഞ്ഞ് കൂടുന്നതിനാൽ യാത്രക്കാർക്കും സമീപമുള്ള വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. തിരക്കേറിയ റേഡിലേക്ക് ഇറങ്ങിയാണ്

യാത്രക്കാർ നടന്നു പോകുന്നത്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. മലിന വെള്ളത്തിൽ വാഹനം പാർക്ക് ചെയ്താണ് ഈ ഭാഗത്തെ കടകളിലേക്ക് ആളുകൾ പോകുന്നത്. ദുർഗന്ധവും ഉയരുന്നുണ്ട്. അധികൃതർ ഇതൊന്നും കണ്ട മട്ടില്ല. ചെറിയ മഴയ്ക്ക് പോലും ഇവിടെ വെള്ളക്കെട്ട് ആകാറുണ്ട്. കോഴഞ്ചേരി ബസ് സ്റ്റാൻഡ് കഴിഞ്ഞാൽ പത്തനംതിട്ട, ചെങ്ങന്നൂർ, റാന്നി, പന്തളം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെല്ലാം ഇവിടെയുള്ള ബസ് സ്റ്റോപ്പിൽ നിറുത്തിയാണ് ആളെ കയറ്റുന്നത്. റോഡിൽ നിന്ന് മാറി കാൽനടയാത്രക്കാർക്ക് നടക്കാനുള്ള ഭാഗം താഴ്ന്ന് കിടക്കുകയാണ്. ഇവിടെ കുറച്ച് സ്ഥലം കോൺക്രീറ്റ് ചെയ്തിട്ടുമുണ്ട്. പകർച്ചവ്യാധികൾ ജില്ലയിൽ വർദ്ധിക്കുന്ന സാഹചര്യത്തിൽ വലിയ രീതിയിൽ ചെളി വന്ന് അടിഞ്ഞ് പായലായ ഇവിടെ അറ്റകുറ്റപ്പണി നടത്താനോ വെള്ളം ഒഴുക്കി കളയോനോ അധികൃതർ ശ്രമിക്കുന്നില്ല.

..........................................

വലിയ ബുദ്ധിമുട്ടാണ് ഇതുവഴി നടക്കാൻ. ചിലപ്പോൾ പായലിൽ തെന്നി വീഴാനും സാദ്ധ്യതയുണ്ട്. വെള്ളം കൂടുമ്പോൾ റോഡ് വശത്തേക്കും മലിന ജലം എത്തും. ഇത് കടന്നാണ് കാൽനടയാത്രക്കാർ ബസ് സ്റ്റോപ്പിലെത്തുന്നത്.

രജിതകുമാരി

(യാത്രക്കാരി)