പ്രമാടം : സ്കൂൾ തുറന്നിട്ടും അമിതവേഗത്തിൽ പായുന്ന ടിപ്പർ ലോറികൾക്ക് നിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പും പൊലീസും. പൂങ്കാവ് - പ്രമാടം- പത്തനംതിട്ട, കോന്നി - പൂങ്കാവ് - ചന്ദനപ്പള്ളി റോഡുകളിൽ തലങ്ങും വിലങ്ങും പായുന്ന ടിപ്പർ ലോറികൾ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർക്ക് ഭീഷണിയാകുന്നതിനെക്കുറിച്ച് കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പും പൊലീസിന്റെ റോഡ് സുരക്ഷാ വിഭാഗവും രംഗത്തിറങ്ങിയത്. ഇന്നലെ ഇരുറൂട്ടുകളിലും രാവിലെയും വൈകിട്ടും വിവിധ കേന്ദ്രങ്ങളിൽ ഇവർ പരിശോധന നടത്തി. നിയന്ത്രണങ്ങൾ പാലിക്കാത്ത വാഹനങ്ങൾ തടഞ്ഞ് ഡ്രൈവർമാർക്ക് താക്കീത് നൽകി . നിയമം ലംഘിച്ചാൽ ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും എതിരെ കർശന നടപടി ഉണ്ടാകുമെന്ന് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും. സ്‌കൂൾ സമയങ്ങളിലെ നിയന്ത്രണവും ലോഡ് കയറ്റിപ്പോകുന്ന വാഹനങ്ങളുടെ മുക വശം പടുത ഉപയോഗിച്ച് മൂടണം എന്നത് ഉൾപ്പടെയുള്ള നിർദ്ദേശങ്ങളും പാലിക്കാറില്ലായിരുന്നു.
ടിപ്പറുകൾക്കുള്ള നിർദ്ദേശങ്ങൾ
* സ്കൂൾ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ 9.30 വരെയും വൈകിട്ട് 3 മുതൽ 4.30 വരെയും യാത്ര പാടില്ല.
*നിയന്ത്രണ സമയങ്ങളിൽ ഓട്ടത്തിലുള്ള വാഹനങ്ങൾ എവിടെയാണെങ്കിലും അവിടെത്തന്നെ സുരക്ഷിതമായി പാർക്ക് ചെയ്യണം.
* ലോഡ് കയറ്റിപ്പോകുന്ന വാഹനങ്ങൾ പടുത്ത ഉപയോഗിച്ച് മൂടണം
* സ്കൂളുകൾക്ക് മുന്നിൽ എയർഹോൺ മുഴക്കരുത്.
*വേഗ നിയന്ത്രണം പാലിക്കണം.
*മത്സര ഓട്ടം പാടില്ല.