
അടൂർ : പള്ളിക്കൽ പഞ്ചായത്തിലെ തെങ്ങമം - മേക്കുന്നമുറി റോഡിലെ പാലം അപകടാവസ്ഥയിലായി. തൂണുകൾ ഇല്ലാത്ത ചെറിയ പാലത്തിന്റെ കോൺക്രീറ്റ് അടർന്ന് കമ്പി പുറത്തുകാണാവുന്ന നിലയിലാണ്. കോൺക്രീറ്റ് പാളി പാളിയായി ഇളകി വെള്ളത്തിലേക്ക് വീഴുന്നതിനാൽ ഇതുവഴിയുള്ള സഞ്ചാരം അപകട ഭീഷണിയിലുമായി. പാലം പൊളിച്ച് പുതിയ പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തെങ്ങമം, പഴകുളം വഴി അടൂരിലേക്കും ആനയടി, നൂറനാട് ഭാഗത്തേക്കും പള്ളിക്കൽ നിവാസികൾക്ക് വേഗത്തിൽ എത്താവുന്ന പാതയാണിത്. പള്ളിക്കൽ പഞ്ചായത്തിലെ രണ്ടാംവാർഡിന്റെയും മൂന്നാം വാർഡിന്റെയും അതിർത്തിയിൽ പള്ളിക്കലാറിന്റെ കൈവഴിയിലെ ഇരുകരകളെയും ബന്ധിച്ചാണ് പാലമുള്ളത്. സ്വകാര്യ ബസും സ്കൂൾ ബസും ഉൾപ്പെടെ നിരവധി വലിയ വാഹനങ്ങൾ ഇൗ പാലത്തിലൂടെ കടന്നുപോകുന്നുണ്ട്.
പാലത്തിന്റെ പഴക്കം : 40 വർഷം,
പണിതത് : പൊതുമരാമത്ത് വകുപ്പ്
വേണം പുതിയ പാലം
നാട്ടുകാർ പൊതുമരാമത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും പാലം പൊളിച്ച് പണിയാൻ നടപടിയായില്ല. സംരക്ഷണ ഭിത്തി കരിങ്കല്ലുകെട്ടി ബലപ്പെടുത്തിയെങ്കിലും കോൺക്രീറ്റിന്റെ തകർച്ച പരിഹരിക്കാനായില്ല. പുതിയ പാലം മാത്രമാണ് പരിഹാരമാർഗം. മഴക്കാലമായതോടെ തോട്ടിൽ ഒഴുക്ക് കൂടിയത് അപകടസാദ്ധ്യത കൂട്ടിയിട്ടുണ്ട്.
അതീവ ഗുരുതരമായ അവസ്ഥയിലാണ് പാലം ഇപ്പോൾ. പലതവണ നാട്ടുകാർ അധികൃതർക്ക് പരാതി നൽകി. പുതിയ പാലം മാത്രമാണ് പരിഹാര മാർഗം.
ജി.പ്രമോദ്, പഞ്ചായത്ത് അംഗം
ടോറസുകൾ നിരന്തരം വലിയ ലോഡുമായി പാലത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. ഏത് സമയവും അപകടത്തിൽപ്പെടാം. അറ്റകുറ്റപ്പണികൾ നടത്തുകയോ, പുതിയ പാലം പണിയുകയോ ചെയ്യണം.
ഭാസി ആർ.കെ പറത്തൂർ, പൊതുപ്രവർത്തകൻ