മല്ലപ്പള്ളി: വെള്ളാവൂർ - കോട്ടാങ്ങൽ കരകളെ ബന്ധിപ്പിക്കുന്ന മണിമലയാറിന് കുറുകെയുള്ള നൂലുവേലിക്കടവ് പാലം അപകട ഭീഷണി ഉയർത്തുന്നു. ആദ്യ രണ്ടു പ്രളയത്തിലാണ് പാലത്തിന് തകർച്ച നേരിട്ടത്. പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കഴിയില്ലെന്ന് എൻജിനീയറിംഗ് വിഭാഗം റിപ്പോർട്ട് നൽകിയിട്ടും പാലം പൊളിച്ചു നീക്കാത്തതാണ് ഇപ്പോൾ നാട്ടുകാർക്ക് ആശങ്കയായിരിക്കുന്നത്. തൂക്കുപാലത്തിൽ കയറാനും മൊബൈലിൽ സാഹസിക ചിത്രങ്ങൾ എടുക്കുന്നതിനും പാലത്തിൽ പ്രവേശിക്കുന്നത് നിരവധിപ്പേരാണ്. ഇത് ദുരന്തത്തിന് ഇടയാക്കുമെന്നതാണ് നാട്ടുകാരിൽ ആശങ്ക.
പിന്നീട് മൂന്നാം പ്രളയത്തിൽ വെള്ളാവൂർക്കരയിൽ നിന്ന് പാലത്തിലേക്ക് ബന്ധിപ്പിക്കുന്ന ഭാഗത്തെ 15 മീറ്റർ തകർന്ന് പുഴയിൽ വീഴുകയായിരുന്നു.ഇതോടെ പാലത്തിലൂടെയുള്ള യാത്രകൾ നിലച്ചു.
വിദ്യാർത്ഥികൾക്ക് യാത്രാ ദുരിതം
2016ൽ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിംഗ് കമ്പനിയാണ് നിർമ്മാണ പ്രവൃത്തികൾ നടത്തിയത്. കോട്ടയം ഡിവിഷന്റെ പരിധിയിലായിരുന്നു ഈ പാലം പാലം സഞ്ചാരയോഗ്യമായിരുന്ന കാലയളവിൽ ബസ് സൗകര്യം കുറവായ വെള്ളാവൂർ സ്വദേശികൾ മിക്കപ്പോഴും കോട്ടാങ്ങലിൽ എത്തിയാണ് ബസ് കയറിയിരുന്നത്. പാലത്തിന്റെ തകർച്ചയോടെ വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാർ യാത്രാ ദുരിതം നേരിടുകയാണ്. കോട്ടാങ്ങൽ ദേവീക്ഷേത്രത്തിലേക്ക് വിശ്വാസികൾ എത്തുന്നതും ഈ പാലത്തിലൂടെയാണ്. യാത്രാക്ലേശം ഒഴിവാക്കാൻ പാലം പുനർ നിർമ്മിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.................................
പുതിയപാലം വേണമെന്ന് നാട്ടുകാർ
............................
മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ പാലത്തിൽ കയറുന്നത് വലിയ ദുരന്തത്തിന് കാരണമാകും. പാലം പൊളിച്ച് , പുതിയ പാലം നിർമ്മിക്കുന്നതിന് അധികൃതർ അടിയന്തര ഇടപേടിൽ നടത്തണം.
അഭിലാഷ്
(പ്രദേശവാസി)
........................
2015ൽ നിർമ്മിച്ച പാലം
നിർമ്മാണച്ചെലവ് ഒന്നരക്കോടി
........................
പ്രത്യേക വകുപ്പിനെ ഏൽപ്പിക്കാതെയാണ് നൂലുവേലിപ്പക്കടവിൽ പാലം നിർമ്മിച്ചത്. കേരള ഇലട്രിക്കൽ ആൻഡ് എൻജിനിയറിംഗ് കമ്പനിയാണ്(കെൽ) പാലം നിർമ്മിച്ചത്. പ്രളയത്തിൽ പാലത്തിന്റെ ഒരു ഭാഗം ഒഴുകിപ്പോയതോടെ അറ്റകുറ്റപ്പണികൾ നടത്താൻ കോട്ടയം ജില്ലാ കളക്ടർ കെൽ അധികൃതരെ ചുമതലപ്പെത്തിയിരുന്നു.പരിശോധനയിൽ തൂക്കുപാലത്തിന് ക്ഷതമേറ്റിട്ടുണ്ടെന്നും അതിനാൽ അറ്റകുറ്റപ്പണികൾ സാദ്ധ്യമല്ലെന്നും കമ്പനി അറിയിച്ചു.