പത്തനംതിട്ട : നഗരസഭാ ബസ് സ്റ്റാൻഡ് യാർഡ് നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായി. ഇന്റർലോക്ക് പാകുന്ന ജോലികൾ കഴിഞ്ഞു. സ്റ്റാൻഡിന് പിന്നിലെ തോടിന് സമീപമുള്ള വശങ്ങൾ കെട്ടുന്ന ജോലികൾ ഇന്നലെ തീർന്നു. രണ്ടാംഘട്ട നിർമ്മാണം ഉടൻ ആരംഭിക്കും.
പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ ഉപയോഗിച്ച് ഭൂമി നികത്തിയായിരുന്നു നേരത്തെ സ്റ്റാൻഡ് നിർമ്മിച്ചത്. ഇതൂമൂലം കുറേനാളുകൾ കഴിഞ്ഞതോടെ ഭൂമി താഴ്ന്നു തുടങ്ങി. മഴപെയ്താൽ വെള്ളം നിറഞ്ഞ സ്റ്റാൻഡിലൂടെ സഞ്ചരിക്കാനും യാത്രക്കാർക്ക് ബുദ്ധിമുട്ടായിരുന്നു. ഇതിന് പരിഹാരമായാണ് യാർഡ് പുതുക്കിപ്പണിയാൻ തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് നിർമ്മാണം ആരംഭിച്ചത്. മഴയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കാരണം ഇടയ്ക്ക് നിർമ്മാണം തടസപ്പെട്ടിരുന്നു.ആദ്യഘട്ടത്തിൽ 3.72 കോടി രൂപയാണ് എസ്റ്റിമേറ്റ്. 4.25 കോടി രൂപയാണ് നിർമ്മാണത്തിന്റെ ആകെ എസ്റ്റിമേറ്റ്. 25 സെന്റീമീറ്റർ ഉയരത്തിൽ വിവിധ പാളികളായി ജി.എസ്.പി, വെറ്റ് മിക്‌സ് എന്നിവ കോംപാക്ട് ചെയ്ത് നിറച്ച് അതിനു മുകളിൽ 100 എം.എം ഇന്റർലോക്ക് പാകിയിരിക്കുകയാണ് ഇപ്പോൾ.
രണ്ടാം ഘട്ടത്തിന് ബസ് മാറ്റും
ഒന്നാംഘട്ടം പൂർത്തിയായ യാർഡിലേക്ക് ബസുകളെ മാറ്റിയ ശേഷമാണ് രണ്ടാംഘട്ട നിർമ്മാണം ആരംഭിക്കുന്നത്.ഇതുമൂലം സ്റ്റാൻഡിന്റെ പ്രവർത്തനം തടസപ്പെടില്ല. വെള്ളക്കെട്ട് ഒഴിവാക്കി ഓട നിർമ്മിച്ചെങ്കിലും ഇതിൽ മാലിന്യം കെട്ടിക്കിടക്കുകയാണ്.
യാർഡിൽ നിന്ന് 45 ഡിഗ്രി ചരിവിലാണ് ഓട . ഓരോ മുപ്പത് മീറ്റർ ഇടവിട്ടും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനമുണ്ടെങ്കിലും പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം ഓടയിൽ കെട്ടികിടപ്പുണ്ട്.
--------------------------------
" യാർഡിന്റെ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയായി. രണ്ടാംഘട്ടം ഉടൻ ആരംഭിക്കും."
നഗരസഭാ അധികൃതർ
-----------------------------------
നിർമ്മാണം 4.25 കോടി ചെലവിൽ