ചെങ്ങന്നൂർ: വാർഡുതല ശുചീകരണ പാളുന്നതിന് പിന്നിൽ ഫണ്ടിന്റെ അപര്യാപ്തതയാണെന്ന് പഞ്ചായത്ത് അധികൃതർ. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മാറിയിട്ടും ഫണ്ടിന്റെ കുറവുള്ളതായ് ആണ് അധികൃതർ പറയുന്നത്. തിരുവൻവണ്ടൂർ പഞ്ചായത്തിലും പാണ്ടനാട് പഞ്ചായത്തിലും പകർച്ചവ്യാധി പ്രതിരോധത്തിനായി ആവിഷ്കരിച്ച വാർഡുതല ശുചീകരണമാണ് ഇപ്പോൾ തകിടം മറിഞ്ഞിരിക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്തുകൾ തൊഴിലുറപ്പ് തൊഴിലാളികളെയാണ് ആശ്രയിക്കുന്നത്. ചെറിയ തോടുകളുടെത് ഉൾപ്പെടെയുള്ള വൃത്തിയാക്കൽ ജോലികൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണ് ചെയ്തിക്കുന്നത്. അതേസമയം തൊഴിലുറപ്പ് പദ്ധതിയിൽ തരിശുരഹിത ഭൂമി കൃഷിയോഗ്യമാക്കുന്ന പ്രവർത്തിക്ക് മുൻഗണന കൊടുക്കുന്നതിനാൽ തൊഴിലുറപ്പ് തൊഴിലാളികളെ പൂർണമായും ശുചീകരണത്തിന് ഉപയോഗിക്കാനും സാധിക്കില്ല. പഞ്ചായത്തുകളിൽ ശുചീകരണത്തിനായി ഒരു വാർഡിലേക്ക് 20,000 രൂപയാണ് അനുവദിക്കുന്നത്. ഇതിൽ 10,000 രൂപ ശുചിത്വമിഷനും ബാക്കി തുക പഞ്ചായത്ത് തനതുഫണ്ടിൽ നിന്നുമാണ് ലഭ്യമാക്കുന്നത്. പഞ്ചായത്തിന്റെ സാമ്പത്തികസ്ഥിതി അനുസരിച്ചാകും തനത് ഫണ്ടിൽ നിന്നുള്ള അലോക്കേഷൻ ഒട്ടുമിക്ക പഞ്ചായത്തുകളും 10,000 രൂപയാണ് അനുവദിക്കുന്നത്.എന്നാൽ വരുമാനം കുറഞ്ഞ പഞ്ചായത്തുകൾ 5000 രൂപയാണ് നൽകുന്നത് തൊഴിലാളികളുടെ കൂലിച്ചെലവും മണ്ണു മാന്തിയന്ത്രം പോലെയുള്ളവ എത്തിക്കാനുള്ള ചെലവും കണക്കാക്കുമ്പോൾ ഇപ്പോൾ അനുവദിക്കുന്ന തുക ഒന്നിനും തികയുന്നില്ലെന്നാണ് പഞ്ചായത്ത് അംഗങ്ങളുടെ പരാതി. റോഡിൽ യന്ത്രം ഉപയോഗിച്ച് പുല്ലു വെട്ടിയാൽ മണിക്കൂറിന് ചെലവ് 400 രൂ പയാണ്. എട്ടുമണിക്കൂർ പുല്ലുവെട്ടാൻ മാത്രം 3200 രൂപയാകും. ഒരുകിലോമീറ്റർ റോഡിന്റെ രണ്ടുവശവും പുല്ലുവെട്ടണ മെങ്കിൽ രണ്ട് ദിവസമെങ്കിലും എടുക്കും. പുല്ലുവെട്ട് കഴിയുമ്പോൾ തന്നെ അനുവദിച്ച തുക തിരുന്നതായാണ് മെമ്പർമാർ പറയുന്നത്.