തിരുവല്ല : നിരണം ലിങ്ക്ഹൈവേയും സംസ്ഥാന പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന നിരണം എസ്.ബി.ഐ - പുത്തൻവിട്ടിൽ പടി റോഡ് തകർന്നു. മഴക്കാലമായത്തോടെ ഇതുവഴിയുള്ള യാത്ര ഏറെ ദുരിതമായിരിക്കുകയാണ്. ദിവസവും ഇവിടെ അപകടങ്ങൾ പതിവാണ്. നിരണം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിന്റെയും മർത്തോമ്മൻ വിദ്യാപീഠം പബ്ലിക്ക് സ്കൂളിന്റെയും മുന്നിലൂടെ പോകുന്ന റോഡിൽ വെള്ളക്കെട്ടായതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ചെളിവെള്ളത്തിൽ കൂടി വേണം യാത്ര ചെയ്യാൻ. ഇവിടുത്തെ അങ്കണവാടി, മരുതൂർക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് എത്തുന്നവർക്കും ചെളിവെള്ളത്തിലൂടെ പോകാതെ മറ്റു മാർഗമില്ല. നിരണത്ത് നിന്ന് കടപ്രയിലേക്കും പരുമലയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡിനെ യാത്രക്കാർ ഏറെ ആശ്രയിക്കുന്നു. റോഡിന് ആവശ്യമായ വീതിയുണ്ടെങ്കിലും ഇരുവശങ്ങളും പലയിടത്തും കാടുകയറി കിടക്കുകയാണ്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ രാത്രികാലങ്ങളിൽ ഇഴജന്തുശല്യവും യാത്രക്കാർക്ക് ഭീഷണിയായിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള റോഡാണിത്. ഇതിന്റെ 600 മീറ്റർ ഭാഗം മുമ്പ് 20 ലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ ഏറ്റവും കൂടുതൽ കുഴിയും അപകടം ഉണ്ടാകുന്നതുമായ ഭാഗം ഒഴിവാക്കിയാണ് അന്ന് നിർമ്മാണ പ്രവർത്തനം നടത്തിയതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
...................
തകർച്ചയിലായ ഭാഗങ്ങൾ അറ്റകുറ്റപ്പണി നടത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും നടപടിയില്ല.
ഷിജു
(പ്രദേശവാസി)
................
അറ്റകുറ്റപ്പണി നടത്തിയത് കുഴിയും അപകടം ഉണ്ടാകുന്നതുമായ ഭാഗം ഒഴിവാക്കി
ചിലവ് 20 ലക്ഷം രൂപ
......................
1. റോഡിന്റെ വശങ്ങൾ കാടുകയറി
2. വഴിവിളക്കില്ല, ഇഴജന്തുക്കളുടെ ശല്യം രൂക്ഷം
3.സ്കൂൾ വിദ്യാർത്ഥികൾ ദുരിതത്തിൽ