kodu
പ്രതിഷേധിച്ചവർക്കെതിരെ കേസെടുത്തതിനെതിരെ കോൺഗ്രസ് കൊ‌ടുമണ്ണിൽ നടത്തിയ പ്രകടനം

കൊടുമൺ: ഏഴംകുളം - കൈപ്പട്ടൂർ റോഡ് പണിക്കായി കൈയേറ്റം ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുക്കാത്തതിനെ ചൊല്ലി തർക്കം. മന്ത്രി വീണാജോർജിന്റെ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അടക്കം ഭരണകക്ഷി നേതാക്കളുടെ ഭൂമിയുള്ള ഭാഗങ്ങളിൽ സ്ഥലം ഏറ്റെടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസാണ് രംഗത്തുവന്നത്. റോഡ് പണിയിലെ അപാകതയിൽ പ്രതിഷേധിച്ച ജനപ്രതിനിധികൾക്കെതിരെ കേസെടുത്തതിനെതിരെ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് നാല് വരെ കൊടുമൺ പഞ്ചായത്തിൽ കോൺഗ്രസ് ഹർത്താൽ ആചരിക്കും. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിക്കുന്നത്.

കൊടുമൺ പഴയ പൊലീസ് സ്റ്റേഷൻ ജംഗ്ഷൻ മുതൽ ഇപ്പോഴത്തെ സ്റ്റേഷന്റെ മുൻവശം വരെ ഓട റോഡിലേക്ക് ഇറക്കിയാണ് പണിതത്. വാഴവിള പാലം മുതൽ പഴയ പൊലീസ് സ്റ്റേഷൻ ജംഗ്ഷൻ വരെയുള്ള നിർമ്മാണത്തിലെ അപാകത പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

കൊടുമൺ സ്‌റ്റേഡിയത്തിന് സമീപം റോഡിന് വീതിയില്ല. ഇവിടുത്തെ ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ മുതൽ കോൺഗ്രസ് പ്രവർത്തകർ തർക്കമുന്നയിച്ചു. ഇതിനിടെ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു എത്തി റോഡിലേക്ക് ഇറക്കിയുള്ള ഓട പണിക്ക്‌ നിർദ്ദേശം കൊടുത്തെന്ന് ആരോപണമുയർന്നു. ഇതറിഞ്ഞ് സി.പി.എം ഭരണത്തിലുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരനെത്തി പണികൾ തടഞ്ഞു. ഗ്രാമ പഞ്ചായത്ത് തലത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്തമായാണ് പണി നടന്നതെന്നാണ് പരാതി..

ഉന്നത നേതാവിന്റെ കെട്ടിടം സംരക്ഷിക്കാൻ റോഡിന്റെ അലൈൻമെന്റ് മാറ്റിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ബഹളത്തെത്തുടർന്ന് തുടർന്ന് കോൺഗ്രസ് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അജികുമാർ രണ്ടാംകുറ്റി, എ. ജി ശ്രീകുമാർ തുടങ്ങി ഏഴ് പേർക്കെതിരെ പൊലീസ്‌ കേസെടുത്തിട്ടുണ്ട്.

പണി അശാസ്ത്രീയമെന്ന് പരാതി

പാലങ്ങളുടെയും ഓടകളുടെയും നിർമ്മാണം ശാസ്ത്രീയമാല്ലെന്ന് നാട്ടുകാർ പറയുന്നു. കൊടുമൺ ജംഗ്ഷൻ, സ്റ്റേഡിയം ഭാഗം, ചന്ദനപ്പള്ളി ഫെഡറൽ ബാങ്കിന് മുൻവശം എന്നിവിടങ്ങളിൽ വീതി കുറവാണ്. പുറമ്പോക്ക് ഭൂമി ഏറ്റെടുത്തിട്ടില്ല. കൈയേറ്റക്കാരെ സഹായിക്കാൻ വേണ്ടിയാണിത്. പഴയ പൊലീസ് സ്റ്റേഷൻ, വാഴവിള എന്നിവിടങ്ങളിൽ പണിത പുതിയ പാലത്തിന്റെ അടിയിലൂടെ പോകുന്ന കൂറ്റൻ ജലവിതരണ പൈപ്പുകൾ മഴക്കാലത്ത് തോട്ടിലെ ഒഴുക്ക് തടസപ്പെടുത്തുമെന്ന് പരാതികളുണ്ട്. ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കും. ഇടത്തിട്ട മുതൽ ചന്ദനപ്പള്ളി ജംഗ്ഷൻ വരെ പലഭാഗത്തും ഓട പണിതിട്ടില്ല. വേനൽ മഴയിൽ റോഡു കവിഞ്ഞാണ് വെള്ളം ഒഴുകിയത്. പൊന്നെടുത്താംകുഴി ഭാഗത്ത് ഉറവവെള്ളം കെട്ടിക്കിടക്കുന്നതും ഭീഷണിയാണ്.

---

@ ജനപ്രതിനിധികൾക്കെതിരെ കേസ്

@ കൊടുമണ്ണിൽ ഇന്ന് ഹർത്താൽ

---

ചെലവ് 43 കോടി

12 മീറ്റർ വീതി

കിഫ്ബി പദ്ധതി