1
തെള്ളിയൂർക്കാവ് ഭദ്രകാളി ക്ഷേത്രത്തിലെ ആറാട്ട് ചിറയോട് ചേർന്ന് നിന്നിരുന്ന മരങ്ങൾ സ്വകാര്യ വ്യക്തികൾ മുറിച്ച് മാറ്റിയ നിലയിൽ

മല്ലപ്പള്ളി : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള തെള്ളിയൂർ ക്ഷേത്ര ആറാട്ട് ചിറയോട് ചേർന്നുള്ള വസ്തുവിലെ മരങ്ങൾ സ്വകാര്യ വ്യക്തികൾ മുറിക്കുന്നത് ദേവസ്വം ബോർഡ് തടഞ്ഞു. അളന്ന് അതിരു തിരിക്കാതെ കിടക്കുന്നതിനാൽ ആരുടെ വസ്തുവിലെ മരങ്ങൾ ആണെന്ന് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് അടുത്ത കാലത്ത് ഇതിനോട് ചേർന്നുള്ള വസ്തു വാങ്ങിയ സ്വകാര്യ വ്യക്തികൾ ദേവസ്വം ഭൂമിയിലെ മരങ്ങളും മുറിച്ചത്. ഇതേ തുടർന്ന് വെട്ടിയ മരങ്ങൾ കൊണ്ടുപോകാൻ പാടില്ലെന്ന് കാട്ടി ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ പൊലീസിൽ പരാതി നൽകുകയായിരുന്നു. സമാനനിലയിൽ ക്ഷേത്രത്തിന് മുന്നിൽ കാണിക്കമണ്ഡപത്തോട് ചേർന്നുള്ള തെങ്ങിൻതോപ്പ് ഏറ്റെടുക്കാനുള്ള കോടതി ഉത്തരവും നാളിതുവരെയായി നടപ്പായിട്ടില്ല.ദേവസ്വം ഭൂമിയായ ക്ഷേത്രം സ്ഥിതിചെയ്യുന്ന ഭൂമി, പാട്ടമ്പലം, കുറിഞ്ഞിക്കാട്ടുകാവ് എന്നീ വസ്തുക്കളിലും കൈയേറ്റം നടക്കുന്നതായി ആക്ഷേപമുണ്ട്. അംബനിക്കാട് കവലയിൽ കഴിഞ്ഞ ദിവസം മോഷണം നടന്ന ദേവസ്വം കാണിക്ക വഞ്ചിയുടെ വസ്തുവും ദേവസ്വം ബോർഡ് പേരിൽ കൂട്ടിയിട്ടില്ല. തെള്ളിയൂർക്കാവിലെ ദേവസ്വം വസ്തുക്കൾ അളന്ന് തിട്ടപ്പെടുത്തി പേരിൽ കൂട്ടണമെന്ന് ദേവസ്വം ബോർഡിന് ഉപദേശക സമിതി പലവട്ടം ആവശ്യപ്പെട്ടിട്ടും നടപ്പായില്ല.