മല്ലപ്പള്ളി: മഴവെള്ളം കമ്പിയിൽ വീണാൽ വൈദ്യുതി മുടങ്ങും. വർഷങ്ങളായി ഇത് പതിവായിട്ടും പരിഹരിക്കാൻ നടപടിയില്ല. ചുങ്കപ്പാറ ബസ് സ്റ്റാൻഡ് കടമ്പാട്ട് പടി റോഡിലെ പതിനഞ്ച് കുടുംബങ്ങളാണ് ഇതുമൂലം ദുരിതം അനുഭവിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് റബർ തോട്ടങ്ങൾക്ക് ഇടയിലൂടെ വലിച്ച വൈദ്യുതി ലൈനാണ് ഇപ്പോഴും ഇതുവഴിയുള്ളത്. വെള്ളം കമ്പിയിൽ വീണാൽ പ്രദേശം ഇരുട്ടിലാകുന്ന അവസ്ഥയാണ്. മരച്ചില്ലകൾ കമ്പികളിൽ ഉരസുന്നതിനാൽ വോൾട്ടേജും ഉണ്ടാകാറില്ല. ഇതിന് പരിഹാരം കാണുന്നതിന് റബർ തോട്ടത്തിലൂടെയുള്ള വൈദ്യുതിലൈൻ മാറ്റിസ്ഥാപിക്കാൻ നടപടിക്കായി കയറിയിറങ്ങാത്ത സ്ഥലങ്ങളുമില്ല. ഒടുവിൽ തീരുമാനമായിട്ടും നടപടി ഉണ്ടാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. മുഖ്യമന്ത്രി പങ്കെടുത്ത നവകേരള സദസിലും, കരുതലും കൈതാങ്ങും അദാലത്തിലും പരാതി നൽകിയതിനെ തുടർന്ന് ആവശ്യമായ നടപടി സ്വീകരിച്ച് പരിഹാരം കണണമെന്ന് ബന്ധപ്പെട്ട അധികൃതരോട് മന്ത്രിമാർ നിർദ്ദേശവും നൽകിയിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അധികൃതർ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.
കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്
പ്രതിഷേധം ശക്തമായതോടെ ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ നിന്ന് കടമ്പാട്ട്പടി റോഡിൽ ബസ് സ്റ്റാൻഡിന്റെ വലതുഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന എൽ.ടി പോസ്റ്റിൽ നിന്നും 350 മീറ്റർഎൽ.ടി എ.ബി.സി കേബിൾ വലിച്ച് വൈദ്യുതി നൽകാവുന്നതാണ്. അതിന് ഡിപ്പോസിറ്റ് വർക്ക് ഇനത്തിൽ കെ.എസ്.ഇ.ബിക്ക് 366378 രൂപ അടയ്ക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കും.
.......................
നാട്ടുകാരുടെ ആവശ്യം
റബർ തോട്ടങ്ങൾക്ക് ഇടയിലൂടെ സ്ഥാപിച്ച വൈദ്യുതി ലൈൻമാറ്റി ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ പുതുതായി സ്ഥാപിക്കുന്ന ട്രാൻസ്ഫോർമറിൽ നിന്ന് റോഡിലൂടെ കടമ്പാട്ട് പടിയിലേക്ക് ലൈൻ വലിക്കണം.
15 കുടുംബങ്ങൾ ദുരിതത്തിൽ
..................................
അദാലത്തിൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രമാണെന്ന് ഉറപ്പ് നൽകിയവർ ഇപ്പോൾ ആവശ്യമില്ലാത്ത കാരണങ്ങൾ നിരത്തി നടപ്പാക്കാതിരിക്കാനാണ് ശ്രമിക്കുന്നത്.
(നാട്ടുകാർ)