കൊടുമൺ: ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ മന്ത്രി വീണാ ജോർജിന്റെ ഭർത്താവ് ഭീഷണിപ്പെടുത്തുന്നതായി കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കെ .കെ ശ്രീധരൻ. ഒരാൾക്കുവേണ്ടി റോഡിന്റെ അലൈൻമെന്റ് മാറ്റിക്കൊടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, കെട്ടിടം നിർമാണം ഒന്നര വർഷം മുമ്പ് പൂർത്തിയായതാണെന്ന് മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് പറഞ്ഞു. റോഡിന്റെ അലൈൻമെന്റ് തീരുമാനിച്ചത് മൂന്നര വർഷം മുമ്പാണ്. ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്.

കൊടുമണ്ണിൽ കോൺഗ്രസ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം പുറമ്പോക്കിലാണെന്നും ആ സ്ഥലം അളക്കാൻ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓർത്തഡോക്സ് സഭ മുൻ സെക്രട്ടറിയാണ് ജോർജ് ജോസഫ്. 43 കോടി രൂപ മുടക്കി കിഫ്ബി പദ്ധതിയിലാണ് റോഡ് പണി നടക്കുന്നത്.

കറേ ദിവസങ്ങളായി തർക്കം നിലനിൽക്കുകയായിരുന്നു. അപാകത കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം സ്ഥലം എം.എൽ.എയായ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കിഫ്ബി, പൊതുമരാമത്ത് , വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ എന്നിവരെത്തി പണികൾ നിർത്തി വെയ്ക്കാൻ നിർദേശിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും പണി തുടങ്ങിയതും തർക്കമുയർന്നതും.