183
ദേശീയ പാത 183 യുടെ ഭാഗമായ കൈപ്പട്ടൂർ - തട്ട റോഢിന് സമീപം ഓട മൂടിയില്ലാത്ത നിലയിൽ

പത്തനംതിട്ട : വഴി നടക്കാൻ സ്ഥലമില്ല . ഓടകൾക്ക് മൂടിയുമില്ല. കൈപ്പട്ടൂർ - തട്ട റോഡിലാണ് ഇൗ സ്ഥിതി. ദേശീയ പാത 183ന്റെ ഭാഗമാണ് റോഡ്. കൈപ്പട്ടൂർ ജംഗ്ഷൻ മുതൽ സമീപത്തെ മുത്താരമ്മൻ ക്ഷേത്രം വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടകൾക്കാണ് മൂടിയില്ലാത്തത്. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള കാൽനട യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു

റോഡിലെ ലൈനിന് അപ്പുറം ഓട എന്നതാണ് ഇവിടുത്തെ സ്ഥിതി. ബാക്കി ഭാഗത്ത് കാട് വളർന്നുകിടക്കുന്നു. റോഡരികിലുള്ള വീടുകളിലേക്ക് കടക്കുന്ന അത്രയും ഭാഗം മാത്രം ഓടയ്ക്ക് മൂടിയിട്ടിട്ടുണ്ട്. . റോഡിന് സമീപമുള്ള വീട്ടുകാരുടെ പ്രതിഷേധം കാരണമാണ് വീട്ടിലേക്കുള്ള ഭാഗത്ത് ഓടയ്ക്ക് മൂടിയിട്ടത്. റോഡിന് സമീപഭാഗത്തായി രണ്ട് സ്കൂളുകളുമുണ്ട്. വിദ്യാർത്ഥികൾ രാവിലെയും വൈകിട്ടും നടന്നുപോകുന്ന റോഡാണിത്. വഴി നടക്കാൻ സ്ഥലമില്ലാത്തതിനാൽ റോഡിലിറങ്ങിയാണ് വിദ്യാർത്ഥികൾ പോകുന്നത്. വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും പാർക്ക് ചെയ്യാനുമുള്ള സൗകര്യവും ഇവിടില്ല.

അപകട സാദ്ധ്യത ഉണ്ടെങ്കിൽ നടപടി

റോഡിലെ എല്ലാ ഭാഗത്തെയും ഓടയ്ക്ക് മൂടിയിടേണ്ട സ്ഥിതിയില്ലെന്ന് ദേശീയ പാത അതോറിട്ടി പറയുന്നു. അപകട സാദ്ധ്യതയുള്ള ഒാടയാണെന്ന് പരാതി ലഭിച്ചാൽ മാത്രമേ ഇങ്ങനെയുള്ള ഭാഗത്തെ ഓടകളിൽ മൂടിയിടു.

-------------------

വാഹനം വശത്തേക്ക് ഒതുക്കാനുള്ള സൗകര്യം ഇവിടെയില്ല. ഇരുചക്രവാഹനയാത്രക്കാർ നിയന്ത്രണം വിട്ട് ഓടയിൽ വീഴാറുമുണ്ട്. റോഡിലിറങ്ങിയാണ് കാൽനട യാത്രക്കാർ പോകുന്നത്.

സോമനാഥ്

കൈപ്പട്ടൂർ സ്വദേശി