മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിലെ ചാലാപ്പള്ളിയിലെ ആയുർവേദ ഡിസ്പൻസറിയുടെ സമീപത്തെ ഔഷധ സസ്യങ്ങൾ വെട്ടിമാറ്റാൻ നീക്കം നടക്കുന്നതായി ആക്ഷേപം ശക്തമാകുന്നു. രണ്ടര വർഷമാത്രം പ്രായമുള്ള വേപ്പ്, നെല്ലി, അത്തി, വലതും ചെറുതുമായ ആടലോടകം , കരുനൊച്ചി, ഗന്ധപാല, പുളി എന്നിവ വെട്ടിമാറ്റാൻ പഞ്ചായത്ത് അധികൃതർ ഉൾപ്പെടെ തീരുമാനമെടുത്തതായാണ് ആക്ഷേപം. ദിനംപ്രതി നൂറിലധികം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. പിൻഭാഗത്തെ സ്ഥലം സൗജന്യമായി വിട്ടുനൽകാൻ സ്വകാര്യ വ്യക്തി അറിയിച്ചിരുന്നെങ്കിലും ഇത് ഏറ്റെടുക്കാൻ തയ്യാറാകാതെയാണ് ഔഷധസസ്യങ്ങൾ വെട്ടിമാറ്റുന്നത്. കേന്ദ്ര സർക്കാരിന്റെ എൻ.എ.ബി.എച്ച് സർട്ടിഫിക്കേഷനുള്ള ജില്ലയിലെ എട്ട് ഡിസ്പെൻസറികളിൽ ഒന്നാണിത്. മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ് ,യോഗ ഇൻസ്ട്രക്ടർ ഉൾപ്പെടെ അഞ്ച് ജീവനക്കാരുണ്ട്. ഇവരുടെ ശ്രമഫലമായാണ് അൻപതോളം ചെടിച്ചട്ടികളിലായും ആശുപത്രി പരിസരത്തും ഔഷധസസ്യങ്ങൾ നട്ടുവളർത്തിയത്. ഒൗഷധസസ്യങ്ങൾ വെട്ടിമാറ്റരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ഉള്ള സ്ഥലം പ്രയോജനപ്പെടുത്തുന്നില്ല
സ്ഥല പരിമിതിയെന്ന് അധികൃതർപറയുമ്പോഴും ഉള്ള സ്ഥലം പ്രയോജനപ്പെടുത്താൻ നടപടിയില്ല. ഏഴു മാസം മുമ്പ് കനത്ത മഴയിൽ ആശുപത്രിയുടെ പിന്നിൽ പതിച്ച പാറക്കൂട്ടം ഇതിവരെ മാറ്റിയിട്ടില്ല. താലൂക്ക് വികസന സമിതിയിൽ പരാതി ഉയർന്നതിനെ തുടർന്ന് ജിയോളജി വകുപ്പുമായി ബന്ധപ്പെട്ട് മണ്ണ് നീക്കം ചെയ്യാൻ അന്നത്തെ തഹസിൽദാർ നിർദ്ദേശിച്ചിരുന്നെങ്കിലും അധികൃതർ തയ്യാറായില്ല. മഴ പെയ്താൽ ആശുപത്രിക്കുള്ളിൽ ഈർപ്പം പടരുന്നത് മൂലം ടൈൽ നിരത്തിയ തറയിലൂടെയുള്ള യാത്ര രോഗികൾക്ക് ബുദ്ധിമുട്ടാണ്.
സ്ഥലപരിമിതി മൂലം ഔഷധ സസ്യങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തം